ന്യൂസിലന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലിം പളളികളിലുണ്ടായ വെടിവെപ്പില്‍ നിന്ന് കഷ്ടിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ രക്ഷപ്പെട്ടത്. പ്രാർത്ഥനകൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പരിശീലകരും മറ്റ് സ്റ്റാഫും വെള്ളിയാഴ്ച പള്ളിയിലെത്തിയിരുന്നു. എന്നാൽ അവർ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടോ മൂന്നോ മിനിറ്റ് മുമ്പ് എത്തിയിരുന്നെങ്കിലും ഞങ്ങളും പള്ളിയ്ക്കുള്ളിലുണ്ടായിരുന്നേനെ എന്ന് ബംഗ്ലാദേശ് ടീം മാനേജർ പറയുന്നു.

Also Read: ബംഗ്ലാദേശി ക്രിക്കറ്റ് ടീം അടക്കമുളള വിശ്വാസികള്‍ പളളിയില്‍ ഉണ്ടായിരുന്നപ്പോഴാണ് അക്രമം നടന്നത്

ബംഗ്ലാദേശ് ടീമിലെ ഒട്ടുമിക്ക താരങ്ങളും പള്ളിയിൽ എത്തിയിരുന്നു. എന്നാൽ വെടിവപ്പുണ്ടായതിനെ തുടർന്ന് പള്ളിയ്ക്ക പുറത്ത് തന്നെ താരങ്ങളെ തടഞ്ഞു. ഞങ്ങൾ ശരിയ്ക്കും ഭാഗ്യവാന്മാരാണെന്നാണ് പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മാനേജർ ഖാലിദ് മഷൂദ് പൈലറ്റ് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

” നിങ്ങൾ കണ്ടതാണ് എന്താണ് സംഭവിച്ചതെന്ന്. മറ്റാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഞങ്ങൾ ശരിയ്ക്കും ഭാഗ്യവാന്മാരാണ്. സൗമ്യ സർക്കാർ ഞങ്ങൾ 17 പേരോളം ബസിലുണ്ടായിരുന്നു. പള്ളിയിലേക്കടുക്കുന്നതിന് 50 മീറ്റർ അകലെ നിന്നെ ഞങ്ങൾ അത് കണ്ടു. മൂന്ന് നാല് മിനിറ്റ് മുമ്പാണ് എത്തിയിരുന്നതെങ്കിൽ ഞങ്ങളും പള്ളിയ്ക്കുള്ളിൽ അകപ്പെട്ടേനെ.”

പത്ത് മിനിറ്റോളം ബസിൽ തന്നെ താരങ്ങൾ തുടർന്നെന്നും മാനേജർ കൂട്ടിച്ചേർത്തു. എന്നാൽ താരങ്ങൾക്ക് ആർക്കും തന്നെ പരിക്കില്ല. എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും ഇത്രയും ഭയപ്പെടുത്തുന്ന അനുഭവത്തിലൂടെ കടന്നുപോയത് ആദ്യമായിട്ടാണെന്നും തമീം ഇഖ്ബാല് ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook