മെൽബൺ: ക്രിക്കറ്റ് മൈതാനത്ത് ഗെയ്ൽ എന്നാൽ ആക്രമണകാരിയായ ബാറ്റ്സ്‌മാനാണ്. ഏത് പേസറെയും സ്‌പിന്നറെയും അതിർത്തിക്കപ്പുറത്തേക്ക് പറത്തിവിടുന്ന കാര്യത്തിൽ അസാമാന്യ പ്രതിഭയാണ് ഈ ബാറ്റ്സ്‌മാൻ. എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ വിജയം കോടതിയിലാണ്.

ഓസീസ് പത്രത്തിനെതിരെ സമർപ്പിച്ച മാനനഷ്ട കേസിൽ ഗെയ്‌ലിന് അനുകൂലമായി ഓസീസ് കോടതി വിധിച്ചു. ഇതോടെ മൂന്ന് ലക്ഷം ഡോളറാണ് ഓസീസ് ദിനപത്രം ഗെയ്‌ലിന് നൽകേണ്ടത്. ഏതാണ്ട് 21 കോടി രൂപ വരുമിത്. ഉഴിച്ചിലിന് എത്തിയ വനിതയോട് ഗെയ്ൽ അപമര്യാദയായി പെരുമാറിയെന്നാണ് പത്രം വാർത്ത നൽകിയത്.

2015 ലോകകപ്പിനിടെ സിഡ്‌നിയിൽ പരിശീലനം നടന്നപ്പോൾ വിൻഡീസ് ടീമിന്റെ ഡ്രെസിങ് റൂമിൽ നടന്ന സംഭവത്തെക്കുറിച്ചാണ് വാർത്തയിൽ ഉണ്ടായിരുന്നത്. ഉഴിച്ചിലിന് എത്തിയ സ്ത്രീയുടെ മുന്നിൽ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു വാർത്ത.

എന്നാൽ ന്യൂ സൗത്ത് വെയ്ൽസിലെ ഹൈക്കോടതി ഗെയ്‌ലിന്റെ ഭാഗത്താണ് ന്യായം എന്ന് കണ്ടെത്തി. വാർത്ത പ്രസിദ്ധീകരിച്ച ഫെയർഫാക്‌സ് മീഡിയ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി. 2016 ജനുവരി മാസത്തിൽ തുടർച്ചയായി ഇതേക്കുറിച്ച് മാധ്യമത്തിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഉഴിച്ചിലിനായി എത്തിയ സ്ത്രീയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കോടതിയിൽ വാർത്തയെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കുന്നതിൽ പത്രം പരാജയപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook