ക്രിക്കറ്റ് ലോകം ഇന്നും മറക്കാത്ത നിമിഷങ്ങളിലൊന്നാണ് ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ വിടവാങ്ങൽ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു സച്ചിൻ തന്റെ അവസാന ഇന്നിങ്സ് കളിച്ചത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ആ മത്സരം. അന്ന് എതിരാളികളുടെ പോലും മനസിൽ ഒരു നീറുന്ന അനുഭവമായിരുന്നു ഇനി ക്രീസിൽ ഇതിഹാസമുണ്ടാകില്ലായെന്നത്. അവസാനമായി സച്ചിൻ പുറത്തായപ്പോൾ കണ്ണ് നിറഞ്ഞ ക്രിസ് ഗെയ്‌ലിനെ ഓർത്തെടുക്കുകയാണ് സഹതാരം കൂടിയായ കിർക്ക് എഡ്‌വേർഡ്സ്.

ഇന്ത്യൻ പര്യടനത്തിനുള്ള വിൻഡീസ് ടീമിൽ അംഗമായിരുന്നെങ്കിലും കിർക്ക് അന്ന് കളിച്ചിരുന്നില്ല. എന്നാൽ അന്ന് മൈതാനത്ത് നടന്ന സംഭവങ്ങൾക്കെല്ലാം സാക്ഷിയായിരുന്നു. കിർക്കാണ് ഗെയ്ൽ കരഞ്ഞതായി വെളിപ്പെടുത്തിയത്. സച്ചിൻ പുറത്തായതിന് പിന്നാലെ ആ സത്യം ഉൾക്കൊണ്ട ഗെയ്‌ലിന്റെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിയുകയായിരുന്നു.

Also Read: ലോകകപ്പ് ഫെെനൽ ഒത്തുകളിയെന്ന് ആരോപണം; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

“200-ാമത് ടെസ്റ്റ് മത്സരത്തിനായി ഞാൻ അവിടെ ഉണ്ടായിരുന്നു. എനിക്കും അത് വളരെ വൈകാരികമായിരുന്നു. ഞാൻ ഗെയ്‌ലിനടുത്തായിരുന്നു. ഞങ്ങളുടെ കണ്ണിൽ നിന്ന് വെള്ളം വീഴാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. വളരെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു അത്,” കിർക്ക് പറഞ്ഞു.

Also Read: ഐപിഎല്ലിന് വിവോയുടെ സ്‌പോണ്‍സര്‍ഷിപ്പ്; സഹായിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ: ബിസിസിഐ ട്രഷറര്‍

ആദ്യ ഇന്നിങ്സിൽ സന്ദർശകരെ 182 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ നന്നായി തന്നെ തുടങ്ങി. 77ന് ഓപ്പണർമാർ പുറത്തായതോടെ ക്രീസിൽ ഒന്നിച്ച പൂജാരയും സച്ചിനും അതിവേഗം ഇന്ത്യൻ സ്കോർ ഉയർത്തി. അവസാന മത്സരത്തിൽ സച്ചിന്റെ ബാറ്റിൽ നിന്ന് മറ്റൊരു സെഞ്ചുറി എല്ലാവരും ആഗ്രഹിച്ചിരുന്നു. അതിന് സാധ്യത കൂട്ടി അർധസെഞ്ചുറിയും കടന്ന് താരം കുതിച്ചു. എന്നാൽ 74 റൺസിൽ നിൽക്കെ ഡിയോനെയറിന്റെ പന്തിൽ സമിക്ക് ക്യാച്ച് നൽകി തന്റെ കരിയർ സച്ചിൻ അവസാനിപ്പിക്കുകയായിരുന്നു.

Also Read: 2007ൽ വിരമിക്കാനൊരുങ്ങിയ സച്ചിൻ; ക്രിക്കറ്റിലെ അപൂർവ്വ നേട്ടങ്ങളിലേക്ക് മടങ്ങിയെത്താനുള്ള കാരണം

ഏറെ വൈകാരികതയോടെയാണ് ആ മത്സരം ക്രിക്കറ്റ് ആരാധകർ കണ്ടത്. മത്സരഫലം സന്തോഷം പകർന്നെങ്കിലും ഇനി ക്രീസിൽ സച്ചിനുണ്ടാകില്ലായെന്ന ചിന്തയാണ് എല്ലാവരെയും സങ്കടത്തിലാക്കിയത്. ദീർഘമായ പ്രസംഗത്തിന് ശേഷം അവസാനമായി ഒരിക്കൽ കൂടി ഇന്ത്യൻ ജഴ്സിയിൽ പിച്ചിലേക്ക് നടന്ന സച്ചിൻ ക്രീസിൽ തൊട്ടുതൊഴുന്നത് ഇന്നും കൺമുന്നിലെ കാഴ്ച പോലെ വ്യക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook