വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്നു. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ആയ ഏകദിനം ഇന്ന് നടക്കും. കരീബിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ മത്സരത്തിനുള്ളത്. ഇന്ന് രാത്രി ഏഴ് മുതലാണ് മത്സരം.

ട്വന്റി-20 പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കളത്തിലിറങ്ങുക. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിച്ചു. പരമ്പരയില്‍ 1-0 ത്തിന് മുന്‍പിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്നത്തെ ഏകദിനം കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം

Read Also: ലാറയുടെ റെക്കോര്‍ഡ് പഴങ്കഥ; 300-ാം ഏകദിനത്തില്‍ ചരിത്രം കുറിച്ച് ക്രിസ് ഗെയ്ല്‍

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ചിടുത്തോളം ഇത് ജീവന്‍മരണ പോരാട്ടമാണ്. ഏകദിന പരമ്പര സമനിലയിലാക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് വിജയിക്കുക തന്നെ വേണം. അതിലുപരി, ക്രിസ് ഗെയിലിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാനും കരീബിയന്‍ ടീം ആഗ്രഹിക്കുന്നു.

ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന് നേരത്തെ അറിയിച്ച ക്രിസ് ഗെയ്ല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷമേ വിരമിക്കൂ എന്ന് പിന്നീട് ഗെയ്ല്‍ അറിയിച്ചു. എന്നാല്‍, ഇതുവരെ ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ താളം കണ്ടെത്താല്‍ ഗെയിലിന് സാധിച്ചിട്ടില്ല. അവസാന ഏകദിനത്തില്‍ ഗെയില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ അത് ആരാധകരെ നിരാശപ്പെടുത്തും.

300 ഏകദിനങ്ങളില്‍ നിന്ന് 10,408 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ്. 103 ടെസ്റ്റുകളും 58 ട്വന്റി-20 മത്സരങ്ങളും ഗെയ്ല്‍ കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook