ജമൈക്ക: ക്രിക്കറ്റിന്റെ കേളി ശൈലിയെ തന്നെ സ്വാധീനിച്ച താരമാണ് ക്രിസ് ഗെയില്‍. വെടിക്കെട്ട് ബാറ്റിങ്ങുമായി ലോകം ചുറ്റി നടന്ന് ഗെയില്‍ ആരാധകരെ ഉണ്ടാക്കി. ലോകത്തോര ബോളര്‍മാരെ പോലും ഒരു ദയയുമില്ലാതെ മര്‍ദ്ദിച്ച് അവശരാക്കിയിട്ടുണ്ട് ഗെയില്‍. ആ ഗെയിലാട്ടം പക്ഷെ നിലക്കാന്‍ പോവുകയാണ്. ഈ ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും താന്‍ വിരമിക്കുമെന്ന് ഗെയില്‍ അറിയിച്ചിരിക്കുകയാണ്.

വിന്‍ഡീസ് ക്രിക്കറ്റും തീരുമാനം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയ്‌സിലുമായി നടക്കുന്ന ലോകകപ്പോടെ ഗെയില്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

”നിങ്ങള്‍ക്കു മുന്നിലുള്ളത് ഒരു മഹാനാണ്. ലോകത്തെ ഏറ്റവും മഹാനായ താരമാണ് ഞാന്‍. തീര്‍ച്ചയായും ഇപ്പോഴും യൂണിവേഴ്‌സല്‍ ബോസാണ് ഞാന്‍. അതൊരിക്കലും മാറില്ല. മരണം വരെ അത് തുടരും. ലോകകപ്പോടെ അടിവരയിടാന്‍ തീരുമാനിച്ചിരിക്കുകയാണ്” ഗെയില്‍ പറഞ്ഞു.

യുവാക്കള്‍ക്ക് അവസരം നല്‍കാനും തന്റെ തീരുമാനം ഗുണകരമാകുമെന്നും ഗെയില്‍ പറഞ്ഞു. അതേസമയം, ടി20യില്‍ കളിക്കുന്നത് ഗെയില്‍ തുടരും. 2020 ലെ ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച രണ്ടാമത്തെ റണ്‍ വേട്ടക്കാരനാണ് ക്രിസ് ഗെയില്‍. 23 ഏകദിന സെഞ്ചുറി നേടിയിട്ടുള്ള ഗെയില്‍ ഈ പട്ടികയില്‍ ഒന്നാമതാണ്. 284 ഏകദിനങ്ങള്‍ കളിച്ച ഗെയിലിന് മുന്നിലുള്ളത് സാക്ഷാല്‍ ബ്രയാന്‍ ലാറയാണ്. അദ്ദേഹം 299 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 10405 റണ്‍സ് നേടിയിട്ടുള്ള ലാറയാണ് വിന്‍ഡീസിന്റെ ഒന്നാം നമ്പര്‍ റണ്‍ വേട്ടക്കാരന്‍. രണ്ടാമതുള്ള ഗെയിലിന് 9727 റണ്‍സാണുള്ളത്. ഈ രണ്ട് റെക്കോര്‍ഡും ലോകകപ്പില്‍ മറി കടക്കാനാകുമോ എന്നാണ് ഗെയില്‍ നോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook