ഓഗസ്റ്റ് എട്ട് മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തില്‍ ഗെയില്‍ കളിക്കും. വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഗെയിലും ഇടംപിടിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഗെയില്‍ വിരമിക്കാനും സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാകും വിരമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇന്ത്യക്കെതിരായ മത്സരത്തില്‍ 11 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ക്രിസ് ഗെയിലിനെ കാത്തിരിക്കുന്നത് സ്വപ്‌ന തുല്യമായ നേട്ടമാണ്. ഏകദിന ക്രിക്കറ്റില്‍ കരീബിയന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് ഗെയിലിന് 11 റണ്‍സ് അകലെയുള്ളത്. മറികടക്കാന്‍ പോകുന്നത് ക്രിക്കറ്റ് ഇതിഹാസവും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരവുമായ ബ്രയാന്‍ ലാറയെ തന്നെ.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് സ്വന്തമാക്കിയ താരമാണ് ബ്രയാന്‍ ലാറ. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ലാറ നേടിയിരിക്കുന്നത് 10,348 ഏകദിന റണ്‍സാണ്. ഗെയില്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 10,338 റണ്‍സും. വെറും 11 റണ്‍സ് മാത്രം നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് സ്വന്തം.
Read Also: ‘ബല്ലാത്ത പഹയന്‍’; സച്ചിനെയും ലാറയെയും മറികടന്ന് കോഹ്‌ലി മുന്നോട്ട്
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഗെയില്‍ ഈ നേട്ടം സ്വന്തമാക്കിയേക്കും. എന്നാല്‍, മോശം ഫോമിലുള്ള ഗെയിലിന് ഇന്ത്യക്കെതിരായ ഏകദിന മത്സരങ്ങളില്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ഗെയില്‍ ആരാധകര്‍.
ക്രിക്കറ്റ് ലോകകപ്പിന് ശേഷം വിരമിക്കുമെന്നാണ് ഗെയിൽ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ലോകകപ്പ് നടന്നുകൊണ്ടിരിക്കെ തന്നെ ഗെയിൽ തീരുമാനം മാറ്റി. ഉടൻ വിരമിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ലോകകപ്പിൽ മോശം പ്രകടനമായിരുന്നു ഗെയിൽ നടത്തിയത്. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഗെയിലിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഗെയിലിനെ ഉൾപ്പെടുത്തി ഏകദിന ടീം പ്രഖ്യാപിച്ചത്. ഗെയിലിന് വിരമിക്കാനുള്ള അവസരം നൽകുകയാണ് ഇതിലൂടെയെന്ന് റിപ്പോർട്ടുകളുണ്ട്.