പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്നലെ മഴയ്ക്കൊപ്പം റെക്കോര്‍ഡുകളും പെയ്തിറങ്ങുകയായിരുന്നു. ആദ്യം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയിലൂടെ, പിന്നാലെ വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ലിലൂടെ. ഇന്ത്യയുടെ എക്കാലത്തേയും വലിയ റണ്‍ വേട്ടക്കാരില്‍ രണ്ടാമതാണ് കോഹ്ലി ഇന്നലെ എത്തിയത്. അതേസമയം, ഇതിഹാസ താരം ബ്രയാന്‍ ലാറയെ പിന്നിലാക്കി വിന്‍ഡീസിന്റെ റണ്‍ വേട്ടക്കാരില്‍ ഒന്നാമതെത്തി ഗെയ്ല്.
ഇന്ത്യയ്ക്കെതിരെ ഇറങ്ങും മുമ്പ് ലാറയുടെ റെക്കോര്‍ഡും ഗെയ്ലും തമ്മിലുള്ള അകലം ഏഴ് റണ്‍സായിരുന്നു. 10348 റണ്‍സാണ് ലാറ നേടിയിരുന്നത്. ഒമ്പതാം ഓവറില്‍ ഖലീല്‍ അഹമ്മദിനെ തേര്‍ഡ് മാനിലേക്ക് അടിച്ചു വിട്ട് സിംഗിള്‍ നേടിയ ഗെയ്ല് വിന്‍ഡീസ് ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ചു. ഗെയിലിന്റെ 300-ാം ഏകദിനമാണിത്. ഇതോടെ ലാറയുടെ 299 ഏകദിനമെന്ന റെക്കോര്‍ഡും ഗെയ്ല് തിരുത്തി.
There it is!
Chris Gayle has surpassed Brian Lara to become West Indies' leading run-scorer in ODIs #WIvIND pic.twitter.com/DCYveCM52A
— ICC (@ICC) August 11, 2019
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിരാട് തന്റെ പേരിലാക്കിയത്. വിന്‍ഡീസിനെതിരെ നേടിയ 120 റണ്‍സാണ് വിരാടിന് റെക്കോര്‍ഡ് സമ്മാനിച്ചത്.
ഏകദിനത്തില്‍ 11353 റണ്‍സാണ് ഗാംഗുലിയുടെ പേരിലുള്ളത്. 311 ഏകദിനങ്ങളാണ് ഗാംഗുലി കളിച്ചത്. എന്നാല്‍ തന്റെ 238-ാം ഏകദിനത്തില്‍ തന്നെ വിരാട് ദാദയെ പിന്നിലാക്കി. കളിയുടെ 32-ാം ഓവറിലാണ് വിരാട് ദാദയെ പിന്നിലാക്കിയത്. ബൗണ്ടറിയിലൂടെയായിരുന്നു വിരാട് ചരിത്രനേട്ടത്തിലെത്തിയത്.
Read More: 42-ാം സെഞ്ചുറി, ഗാംഗുലി പിന്നില്‍, മുന്നില്‍ സച്ചിന് മാത്രം; തുടരുന്ന വിരാടഗാഥ
ഇതോടെ സാക്ഷാല്‍ സച്ചിന് മാത്രം പിന്നിലാണ് വിരാട് ഇപ്പോള്‍. സച്ചിന് 463 ഏകദിനങ്ങളില്‍ നിന്നും 18426 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ബാറ്റ്സ്മാന്മാരുടെ മൊത്തം പട്ടികയില്‍ എട്ടാമതാണ് വിരാടിന്റെ സ്ഥാനം. അവിടേയും സച്ചിന് തന്നെയാണ് ഒന്നാമത്. 112 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ വിരാടിത് 42-ാം തവണയാണ് ഏകദിനത്തില്‍ മൂന്നക്കം കടക്കുന്നത്. 14 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് വിരാടിന്റെ ഇന്നിങ്സ്.
മഴ രസം കൊല്ലിയായി എത്തിയെങ്കിലും വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ മികച്ച സ്കോര്‍ നേടിയ ഇന്ത്യ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ജയിച്ചത്. മഴമൂലം 46 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സ് മാത്രമാണെടുത്തത്. 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ഒന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
125 പന്തില്‍ 120 റണ്‍സ് നേടിയ നായകന് വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. എന്നാല്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാരില് എവിന്‍ ലൂയിസ് ഒഴികെ ആരും തിളങ്ങിയില്ല. ലൂയിസ് 65 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. കോഹ്ലിയാണ് കളിയിലെ താരം.