ക്രിക്കറ്റ് മൈതാനത്ത് പ്രായത്തിനും തളർത്താൻ കഴിയാത്ത പോരാട്ട വീര്യമായി ഒരിക്കൽ കൂടി ക്രിസ് ഗെയ്ൽ അവതരിച്ച ഇന്നിങ്സിനാണ് ഐപിഎല്ലിലെ കിങ്സ് ഇലവൻ പഞ്ചാബ് – രാജസ്ഥാൻ റോയൽസ് പോരാട്ടം. സെഞ്ചുറിക്ക് ഒരു റൺസകലെ വീണെങ്കിലും തന്റെ തകർപ്പൻ ഇന്നിങ്സിലൂടെ പഞ്ചാബിനെ മികച്ച സ്കോറിലെത്തിക്കാൻ ക്രിസ് ഗെയ്ലിന് സാധിച്ചു. തന്റെ 41-ാം വയസിലും വെടിക്കെട്ട് ബാറ്റിങ്ങുമായി കാണികളെ ത്രസിപ്പിച്ച ഗെയ്ലിന്റെ വക നാടകീയ രംഗങ്ങൾക്കും അബുദാബി സ്റ്റേഡിയം സാക്ഷിയായി.
രാജസ്ഥാൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്തിയ ഗെയ്ൽ അനായാസം സെഞ്ചുറി തികയ്ക്കുമെന്നാണ് എല്ലാവരും കരുതിയത്. 19-ാം ഓവറിൽ 92 റൺസ് അക്കൗണ്ടിലുണ്ടായിരുന്ന ഗെയ്ൽ ആർച്ചറിന്റെ ആദ്യ ബോളിൽ സിംഗിളും മൂന്നാം പന്തിൽ തകർപ്പൻ സിക്സറുമായി 99 റൺസിലെത്തി. എന്നാൽ അടുത്ത പന്തിൽ ഇംഗ്ലിഷ് താരം യൂണിവേഴ്സൽ ബോസിന്റെ വിക്കറ്റിളക്കി.
സെഞ്ചുറി തികക്കാൻ കഴിയാത്തതിന്റെ നിരാശയിൽ ക്ഷുഭിതനായി ബാറ്റ് വലിച്ചെറിഞ്ഞാണ് താരം ക്രീസ് വിട്ടത്. പക്ഷേ തിരിച്ചു പോകുന്ന വഴിക്ക് തന്റെ വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആർച്ചർക്ക് ഹസ്തദാനം നൽകാനും ഗെയിൽ മറന്നില്ല. ക്രിക്കറ്റിലെ ഏക്കാലത്തെയും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു അത്.
എല്ലാവരെയും പോലെ സെഞ്ചുറി എന്ന് ഗെയ്ലും വിശ്വസിച്ച ഇന്നിങ്സ് ഒരു റൺസ് മാത്രം അകലെ നഷ്ടമായതിന്റെ നിരാശ മാത്രമായിരുന്നു ആ രോക്ഷ പ്രകടനം. പിന്നാലെ ബാറ്റിൽ ഹെൽമറ്റും കറക്കിയുള്ള താരത്തിന്റെ മടക്കവും കാണികളെ രസിപ്പിച്ചു. തനിക്ക് അത് സിക്സർ തന്നെയാണ് എന്നായിരുന്നു ഇന്നിങ്സിന് ശേഷം ഗെയ്ൽ പ്രതികരിച്ചത്.
അതേസമയം മത്സരത്തിൽ മറ്റൊരു റെക്കോർഡും താരം കുറിച്ചു, ടി20യിൽ 1000 സിക്സറുകൾ. രാജസ്ഥാനെതിരായ മത്സരം അവസാനിച്ചപ്പോൾ ഗെയ്ലിന്റെ അക്കൗണ്ടിലുള്ളത് 1001 സിക്സറുകളാണ്. സിക്സറുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള പൊള്ളാർഡിന്റെ സമ്പാദ്യം 690 മാത്രമാണ് എന്നത് ഗെയ്ലിന്റെ നേട്ടം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.