ധാക്ക: ബംഗ്ലാദേശ് പ്രിമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ബാറ്റിങ്ങ് വെടിക്കെട്ട് തീർത്ത് വീണ്ടും ക്രിസ് ഗെയിൽ. ഫൈനൽ പോരാട്ടത്തിൽ രങ്ക്പൂർ റൈഡേവ്സിന് വേണ്ടി ഓപ്പൺ ചെയ്ത ഗെയിൽ പുറത്താകാതെ 146 റൺസാണ് നേടിയത്. ട്വന്റി-20യിൽ ക്രിസ് ഗെയിലിന്റെ ഇരുപതാം സെഞ്ചുറിയാണ് ഇന്നത്തേത്. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടം ഗെയിൽ സ്വന്തമാക്കി.

ഖുൽന ടൈറ്റൻസിനെതിരായ ഫൈനൽ മത്സരത്തിൽ തകപ്പൻ പ്രകടനമാണ് ഗെയിൽ കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റിൽ ബ്രൻഡൻ മക്കല്ലത്തെ കൂട്ടുപിടിച്ച് 201 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഗെയിൽ പടുത്തുയർത്തിയത്. 69 പന്തിൽ നിന്ന് 146 റൺസാണ് ഗെയിൽ നേടിയത്. 5 ഫോറും 18 സിക്സറുകളും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിങ്ങ്സ്. 43 പന്തിൽ നിന്ന് 51 റൺസാണ് ബ്രൻഡൻ മക്കല്ലം നേടിയത്. ഇരുവരുടെയും മികവിൽ രങ്ക്പൂർ റൈഡേഴ്സ് 20 ഓവറിൽ 206/1 എന്ന സ്കോറാണ് നേടിയത്.

ബംഗ്ലാദേശ് പ്രമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിലും ഗെയിൽ സെഞ്ചുറി നേടിയിരുന്നു. ഖുല്‍ന ടൈറ്റല്‍സിനെതിരായ എലിമിനേറ്റർ മത്സരത്തിലാണ് ഗെയ്‌ലിന്റെ തകർപ്പൻ പ്രകടനം. ലീഗില്‍ ഗെയ്‌ലിന്റെ നാലാം സെഞ്ചുറിയാണിത്. മൽസരത്തില്‍ 14 സിക്‌സും 6 ഫോറും ഗെയ്ല്‍ 126 റണ്‍സുമായി പുറത്താകാതെ ടീമിന് വിജയം നേടിക്കൊടുത്ത ശേഷമാണ് താരം കളം വിട്ടത്. ആദ്യം ബാറ്റു ചെയ്ത ഖുല്‍ന ടൈറ്റല്‍സ് 20 ഓവറില്‍ 167 നേടിയപ്പോള്‍ ഗെയ്‌ലിന്റെ സെഞ്ചുറി മികവില്‍ 15.2 ഓവറില്‍ രംഗ്പൂര്‍ റൈഡേഴ്‌സ് ലക്ഷ്യം മറികടന്നു. 14 സിക്സുകള്‍ പറത്തിയ ഗെയ്ല്‍ ടി-20യില്‍ 800 സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡിന് ഉടമയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ