ക്രിക്കറ്റിൽ വീണ്ടും വെടിക്കെട്ട് തീർത്ത് ക്രിസ് ഗെയ്ൽ. കുട്ടി ക്രിക്കറ്റിലെ തന്റെ 22-ാം സെഞ്ചുറി തികച്ചാണ് ക്രിസ് ഗെയ്ൽ വീണ്ടും ക്രിക്കറ്റ് ആരാധകർക്ക് വിരുന്നൊരുക്കിയത്. കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്ട്സിനെതിരെയായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്. ഗെയ്‌ലിന്റെ സെഞ്ചുറി പ്രകടനത്തിൽ 242 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും മത്സരത്തിലും ജമൈക്ക പരാജയപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ജമൈക്കയ്ക്ക് വേണ്ടി ക്രിസ് ഗെയ്‌ൽ 67 പന്തിൽ 116 റൺസാണ് അടിച്ച് കൂട്ടിയത്. പത്ത് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌‌ലിന്റെ വെടിക്കെട്ട് പ്രകടനം. ചദ്വിക് വാൾട്ടനുമായി ചേർന്ന് 162 റൺസിന്റെ കൂട്ടുകെട്ടാണ് ഗെയ്ൽ സൃഷ്ടിച്ചത്. 36 പന്തിൽ 76 റൺസാണ് വാൾട്ടൻ അടിച്ചെടുത്തത്.

Also Read: ട്വിസ്റ്റ്; താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

എന്നാൽ മറുപടി ബാറ്റിങ്ങിൽ തുടക്കം മുതിൽ തിരിച്ചടിച്ച സെന്റ് കിറ്റ്സ് അനായാസം വിജയത്തിലേക്ക് കുതിച്ചു. ആദ്യ അഞ്ച് ഓവറിൽ 80 റൺസാണ് എവിൻ ലെവിസും ഡെവൻ തോമസും ചേർന്ന് സ്വന്തമാക്കിയത്. ലെവിസ് 18 പന്തിൽ 53 റൺസെടുത്ത് പുറത്തായി. ആറ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഓപ്പണർമാർ മടങ്ങിയതോടെ ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഫാബിയാൻ അലനും ലോറി ഇവാൻസും വെടിക്കെട്ട് തുടർന്നു. അവസാന 11 പന്തിൽ 15 റൺസ് ജയിക്കാൻ എന്ന നിലയിൽ മത്സരം എത്തിയതോടെ കിറ്റ്സ് ജയം ഉറപ്പിച്ചു. ഒരു പന്ത് ബാക്കി നിൽക്കെ കിറ്റ്സ് ജയത്തിലെത്തുകയും ചെയ്തു.

കുട്ടിക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺചേസിന് കൂടിയാണ് മത്സരം സാക്ഷിയായത്. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയ പിന്തുടർന്ന് നേടിയ 245 റൺസാണ് ഏറ്റവും ഉയർന്ന ചേസ്. മത്സരത്തിൽ ആകെ പിറന്നത് 37 സിക്സുകളാണ്. ടി20 ക്രിക്കറ്റിൽ ഇതുവരെയുള്ള റെക്കോർഡിനൊപ്പമെത്താനും ഇരു ടീമുകളുടെയും സിക്സറുകളുടെ എണ്ണം സഹായിച്ചു.

Also Read: 6,6,4,4,6,6; ഒരോവറില്‍ 32 റണ്‍സ്, ഷദാബിനെ അടിച്ച് പരത്തി ഗെയിലാട്ടം, വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലും ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടിന് ക്രിക്കറ്റ് ആരാധകർ സാക്ഷിയായിട്ടുണ്ട്. രാജ്യന്തര ക്രിക്കറ്റിൽ പല റെക്കോർഡുകൾക്കും ഉടമയാണ് ഗെയ്ൽ. ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ഇതിഹാസ താരം ബ്രയാന്‍ ലാറയെ പിന്നിലാക്കി വിന്‍ഡീസിന്റെ റണ്‍ വേട്ടക്കാരില്‍ ഒന്നാമതെത്തി ഗെയ്ല്‍.

ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് ലാറയുടെ റെക്കോര്‍ഡും ഗെയ്‌ലും തമ്മിലുള്ള അകലം ഏഴ് റണ്‍സായിരുന്നു. 10348 റണ്‍സാണ് ലാറ നേടിയിരുന്നത്. ഒമ്പതാം ഓവറില്‍ ഖലീല്‍ അഹമ്മദിനെ തേര്‍ഡ് മാനിലേക്ക് അടിച്ചു വിട്ട് സിംഗിള്‍ നേടിയ ഗെയ്ല്‍ വിന്‍ഡീസ് ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ചു. ഗെയിലിന്റെ 300-ാം ഏകദിനമാണിത്. ഇതോടെ ലാറയുടെ 299 ഏകദിനമെന്ന റെക്കോര്‍ഡും ഗെയ്ല്‍ തിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook