ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ നടന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് കിങ്സ് ഇലവൻ പഞ്ചാബ് വിജയിച്ചത്. രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്യാനെത്തിയത് സാക്ഷാൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ.
ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി കളി പഞ്ചാബിന് അനുകൂലമാക്കിയത് ഗെയ്ലാണ്. വളരെ കൂളായാണ് ഗെയ്ൽ രണ്ടാം സൂപ്പർ ഓവറിലെ ആദ്യ പന്ത് പറത്തിയത്. എന്നാൽ, താൻ അത്ര കൂളായിരുന്നില്ല എന്നാണ് ഗെയ്ൽ തുറന്നുപറയുന്നത്.
സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ പുറപ്പെടുമ്പോൾ താൻ ഏറെ അസ്വസ്ഥനായിരുന്നുവെന്ന് ഗെയ്ൽ പറയുന്നു. രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തെയോർത്ത് തനിക്ക് ദേഷ്യം വന്നെന്നും താരം വെളിപ്പെടുത്തുന്നു. മത്സരശേഷം പഞ്ചാബ് താരങ്ങളായ മായങ്ക് അഗർവാൾ, മൊഹമ്മദ് ഷമി എന്നിവർക്കൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോഴാണ് ഗെയ്ലിന്റെ വെളിപ്പെടുത്തൽ.
“ഞാൻ ഭയചകിതനായിരുന്നില്ല. പക്ഷേ, എനിക്ക് ദേഷ്യം വന്നിരുന്നു. ഞാൻ അസ്വസ്ഥനുമായിരുന്നു. മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് എത്താൻ കാരണം ഞങ്ങൾ തന്നെയാണ്. സൂപ്പർ ഓവറിലേക്ക് എത്താതെ തന്നെ അനായാസം ജയിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ അശ്രദ്ധ തന്നെ ഈ നിലയിലേക്ക് എത്തിച്ചു. ഇതോർത്താണ് ഞാൻ അസ്വസ്ഥനായതും ദേഷ്യപ്പെട്ടതും,” അഗർവാളിനോട് ഗെയ്ൽ പറഞ്ഞു.
“രണ്ടാം സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാൻ നടന്നുപോകുന്നതിനിടെ നീ എന്നോട് ചോദിച്ചില്ലേ, ‘ആരാണ് ആദ്യ പന്ത് നേരിടാൻ പോകുന്നത്’ എന്ന്. ‘മായങ്ക്, നീ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത് ? എപ്പോഴും ബോസ് അല്ലേ ആദ്യ പന്ത് നേരിടേണ്ടത്’, എന്നാണ് ഞാൻ അപ്പോൾ മനസിൽ ഓർത്തത്” ഗെയ്ൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
Must Read: ഐപിഎൽ ചരിത്രത്തിൽ ഇങ്ങനെയൊരു മത്സരമോ ? ഇരട്ട സൂപ്പർ ഓവറിലേക്ക് നീണ്ട കളി, സംഭവിച്ചത് ഇത്
ആദ്യ സൂപ്പർ ഓവറിൽ അഞ്ച് റൺസ് പ്രതിരോധിക്കാൻ പഞ്ചാബിന് സാധിച്ചത് മൊഹമ്മദ് ഷമിയുടെ ബൗളിങ് മികവുകൊണ്ടാണെന്ന് ഗെയ്ൽ പറഞ്ഞു. “രോഹിത് ശർമയും ക്വിന്റൺ ഡി കോക്കും ബാറ്റ് ചെയ്യുമ്പോഴാണ് ഷമി അഞ്ച് റൺ പ്രതിരോധിച്ചത്. എത്ര വലിയ ദൗത്യമായിരുന്നു അത്. ഷമി വളരെ മികച്ച രീതിയിൽ ആ ഓവർ എറിഞ്ഞു. എന്റെ മനസിൽ ഷമിയാണ് ഈ മത്സരത്തിലെ താരം,” ഷമിയെ പുകഴ്ത്തി ഗെയ്ൽ പറഞ്ഞു.