ക്രിസ് ഗെയ്ൽ എന്ന പേരിന് ഒറ്റ അർത്ഥം മാത്രമേ ക്രിക്കറ്റ് ലോകം ഇതുവരെ നൽകിയുളളൂ. അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പറക്കുന്ന സിക്സറുകൾ നോട്ടമിട്ടാണ് ക്രിക്കറ്റ് ലോകം ഇതുവരെ കണ്ണ് കൂർപ്പിച്ചത് പോലും. എന്നാൽ ഗെയ്‌ലിന്റെ ഫീൽഡിലെ തകർപ്പൻ പ്രകടനം കണ്ട് അന്തംവിട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

കാനഡയിൽ നടക്കുന്ന ഗ്ലോബൽ ടി20 സീരീസിലാണ് ക്രിക്കറ്റ് ആരാധകരെ മുഴുവൻ അമ്പരപ്പിച്ച് സ്ലിപ് പൊസിഷനിൽ നിന്നുളള ഗെയ്‌ലിന്റെ ക്യാച്ച്. വെസ്റ്റ് ഇന്റീസ് ബി ടീമിന് എതിരെ വാൻകോവർ നൈറ്റ്സിന് വേണ്ടിയാണ് ഗെയ്ൽ കളിക്കുന്നത്.

ഫവാദ് അഹമ്മദിന്റെ പന്തിൽ കവെം ഹോഡ്‌ജിനെ പുറത്താക്കാൻ ഗെയ്ൽ ഒറ്റക്കൈയിൽ പിടിച്ച ക്യാച്ചിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്.

ഫവാദിന്റെ പന്ത് കവെം ഹോഡ്‌ജിന്റെ ബാറ്റിൽ എഡ്‌ജ് ചെയ്ത് ഫസ്റ്റ് സ്ലിപ് പൊസിഷനിലേക്ക് പാഞ്ഞു. എന്നാൽ പന്ത് കൈപ്പിടിയിലാക്കാനുളള ഗെയ്‌ലിന്റെ ശ്രമം പാളി. ഇടതുകൈയ്യിൽ തട്ടി പന്ത് വീണ്ടും ഉയർന്നു. സെക്കന്റുകൾക്കുളളിൽ വായുവിൽ പുറകോട്ട് തിരിഞ്ഞ് ഗെയ്ൽ ആ പന്ത് കൈയ്യിലൊതുക്കി. കവെം ഹോഡ്‌ജ് പുറത്തേക്ക്.

ഫൈനൽ മത്സരത്തിലായിരുന്നു ഈ കാഴ്‌ച. വെസ്റ്റ് ഇൻഡീസ് ബിയിൽ 145 റൺസാണ് ടീം നേടിയത്. എന്നാൽ ഏഴ് വിക്കറ്റിന് വാൻകോവർ നൈറ്റ്സ് ഈ ലക്ഷ്യം മറികടന്ന് ഗ്ലോബൽ ടി20 കിരീടവും നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook