ഐപിഎൽ ടി20 യിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ലോക ബോളിംഗ് നിരയിൽ ഒന്നാം സ്ഥാനത്തുളള റാഷിദ് ഖാനെ തുടർച്ചയായി നാല് സിക്‌സറുകൾ പായിച്ച ഗെയ്‌ൽ സീസണിലെ ആദ്യ സെഞ്ചുറിയും കുറിച്ചു.

ഇതോടെ കൂറ്റൻ സ്കോറിലേക്കാണ് പഞ്ചാബ് കുതിച്ചെത്തിയത്. പതിനൊന്ന് സിക്സും ഒരു ഫോറും അടക്കമാണ് ക്രിസ് ഗെയ്ൽ സെഞ്ചുറി നേടിയത്. അർദ്ധസെഞ്ച്വറി വരെ ശാന്തനായി ബാറ്റ് വീശിയ ഗെയ്ൽ പിന്നീടാണ് തന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങിയത്. 14ാം ഓവറിൽ റാഷിദ് ഖാനെ തുടർച്ചയായി നാല് സിക്‌സർ പറത്തിയ ഗെയ്ൽ 58 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇതോടെ സീസണിലെ റൺ വേട്ടക്കാരിലും ഗെയ്ൽ മുന്നിലേക്ക് എത്തി. വെറും രണ്ട് മത്സരം മാത്രം കളിച്ച ഗെയ്ൽ ഒരു സെഞ്ചുറിയുടെയും ഒരു അർദ്ധസെഞ്ചുറിയുടെയും ബലത്തിൽ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണിപ്പോൾ.

ക്രിസ് ഗെയ്ൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ കിംഗ്‌സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 193 റൺസ് നേടി. സീസണിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന സൺറൈസേഴ്സിന് മികച്ച രീതിയിൽ ബാറ്റ് വീശാതെ ജയിക്കാനാവില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ