മൊഹാലിൽ ക്രിസ് ഗെയിലിന്റെ താണ്ഡവം കണ്ട് അമ്പരന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റ. ഐപിഎൽ താരലേലത്തിന്റെ അവസാന നിമിഷമാണ് വെടിക്കെട്ട് താരം ക്രിസ് ഗെയിലിനെ പഞ്ചാബ് സ്വന്തമാക്കുന്നത്. അടിസ്ഥാന വിലയായ 2 കോടി രൂപ മാത്രമാണ് പഞ്ചാബ് ഗെയിലിനായി മുടക്കിയത്. എന്നാൽ പതിനൊന്നാം സീസണിൽ തന്റെ രണ്ടാം മത്സരത്തിനായി ഇറങ്ങിയ ഗെയിൽ ടോപ് ഫോമിലാണ്.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഗെയിൽ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടുകയും ചെയ്തു. ചെന്നൈയ്ക്ക് എതിരെ 33 പന്തിൽ നിന്ന് 63 റൺസാണ് ഗെയിൽ നേടിയത്. ഗെയിലിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് പഞ്ചാബിന് ആ മത്സരത്തിൽ വിജയം ഒരുക്കിയതും.

സൺറൈസേഴ്സിന് എതിരായ മത്സരത്തിൽ പതിയെ തുടങ്ങിയ ഗെയിൽ പിന്നെ കത്തിക്കയറുകയായിരുന്നു. പതിനൊന്ന് സിക്സും ഒരു ഫോറും അടക്കമാണ് ക്രിസ് ഗെയ്ൽ സെഞ്ചുറി നേടിയത്. അർദ്ധസെഞ്ച്വറി വരെ ശാന്തനായി ബാറ്റ് വീശിയ ഗെയ്ൽ പിന്നീടാണ് തന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങിയത്. 14ാം ഓവറിൽ റാഷിദ് ഖാനെ തുടർച്ചയായി നാല് സിക്‌സർ പറത്തിയ ഗെയ്ൽ 58 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇതോടെ സീസണിലെ റൺ വേട്ടക്കാരിലും ഗെയ്ൽ മുന്നിലേക്ക് എത്തി. വെറും രണ്ട് മത്സരം മാത്രം കളിച്ച ഗെയ്ൽ ഒരു സെഞ്ചുറിയുടെയും ഒരു അർദ്ധസെഞ്ചുറിയുടെയും ബലത്തിൽ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണിപ്പോൾ.

ക്രിസ് ഗെയ്ൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ കിംഗ്‌സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 193 റൺസ് നേടി. സീസണിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന സൺറൈസേഴ്സിന് മികച്ച രീതിയിൽ ബാറ്റ് വീശാതെ ജയിക്കാനാവില്ല.

ഈ ഐപിഎൽ സീസണിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ ആദ്യ സെഞ്ച്വറിയെന്ന നേട്ടമാണ് ക്രിസ് ഗെയ്ൽ ഈ മത്സരത്തിലൂടെ നേടിയത്. ഐപിഎൽ താരലേലത്തിൽ ആർക്കും വേണ്ടാതെ മാറ്റിനിർത്തപ്പെട്ട താരത്തെ വീരേന്ദർ സെവാഗിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കിംഗ്‌സ് ഇലവൻ ടീമുടമ പ്രീതി സിന്റ വാങ്ങിയത്.

അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ക്രിസ് ഗെയ്‌ലിനെ ടീമിലെടുത്ത കിംഗ്‌സ് ഇലവന്റെ തീരുമാനം പണം പാഴാക്കുന്നതാണെന്നായിരുന്നു മുൻ കളി കണക്കുകൾ നിരത്തി ക്രിക്കറ്റ് വിദഗ്ദ്ധർ വിലയിരുത്തിയത്. എന്നാൽ സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ ഗെയ്ൽ ചെന്നൈക്കെതിരെ അർദ്ധസെഞ്ച്വറി നേടി.

വളരെ സൂക്ഷിച്ചായിരുന്നു ഹൈദരാബാദിനെതിരെ ഗെയ്ൽ ബാറ്റ് വീശിയത്. താരം അർദ്ധ സെഞ്ച്വറി തികയ്ക്കാൻ തന്നെ 40 ലേറെ പന്തുകൾ നേരിട്ടതോടെ ടീമിന് ഭാരമാകുമെന്ന തോന്നലാണ് ഉണ്ടായത്. എന്നാൽ 14ാം ഓവറിൽ ലോക ടി20 ഒന്നാം നമ്പർ ബോളറെ തുടർച്ചയായി നാല് സിക്സർ പറത്തിയ ഗെയ്ൽ തന്റെ വെടിക്കെട്ട് ബാറ്റിംഗിന് തുടക്കം കുറിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ