സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ചിലി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇക്വഡോറിനെ 2-1 ന് കീഴടക്കിയാണ് ഗ്രൂപ്പ് ‘സി’യില്‍ നിന്ന് ഒന്നാമതായി ചിലി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ചിലി എട്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ സ്വന്തമാക്കി. ജോസ് പെട്രോയാണ് ചിലിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയെങ്കിലും കളിയിലേക്ക് തിരിച്ചെത്താന്‍ ഇക്വഡോര്‍ ശ്രമിച്ചു. എട്ടാം മിനിറ്റില്‍ വഴങ്ങിയ ഗോളിന് 26-ാം മിനിറ്റില്‍ ഇക്വഡോര്‍ മറുപടി നല്‍കി. വലന്‍സിയയാണ് ഇക്വഡോറിന് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ചിലി ലീഡ് ഉയര്‍ത്തി. 51-ാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസാണ് ചിലിയുടെ രണ്ടാം ഗോള്‍ നേടിയത്. രണ്ടാം ഗോളിന് മറുപടി നല്‍കാന്‍ ഇക്വഡോര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
Read Also: കോപ്പയില്‍ മെസി രക്ഷകനായി; നാണക്കേടില്‍ നിന്ന് കഷ്ടിച്ച് സമനില നേടി അര്‍ജന്റീന
ഗ്രൂപ്പ് ‘സി’യില്‍ എല്ലാ ടീമുകളും രണ്ട് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടിലും വിജയിച്ച് ആറ് പോയിന്റുമായി ചിലി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത് ഉറുഗ്വായ് ആണ്. ചിലിയോട് രണ്ടാം മത്സരത്തില്‍ തോറ്റ ഇക്വഡോര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗ്രൂപ്പ് ‘എ’യില്‍ ബ്രസീലും പെറുവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. ഗ്രൂപ്പ് ‘ബി’യില്‍ കൊളംബിയയും പരാഗ്വായും ആദ്യ രണ്ട് സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ‘ബി’യിലെ അര്‍ജന്റീന ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനം ഏറെക്കുറെ മങ്ങിയ നിലയിലാണ്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന വെറും ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്. ഖത്തറിനെതിരായ മത്സരത്തില്‍ വിജയിക്കുകയും പാരാഗ്വായിയെ കൊളംബിയ തോല്‍പ്പിക്കുകയും ചെയ്താലേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിക്കൂ.