മോസ്ക്കോ: യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ചിലി ഫൈനലിൽ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ക്ലോഡിയോ ബ്രാവോയാണ് കളിയിലെ താരം. ഇതാദ്യമായാണ് ചിലി കോൺഫെഡറേഷൻ കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. ഇന്ന് നടക്കുന്ന ജർമ്മനി – മെക്സിക്കോ മത്സരത്തിലെ വിജയി ആയിരിക്കും ഫൈനലിൽ ചിലിയുടെ എതിരാളി.

നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താൻ ഇരു ടീമുകളും പരാജയപ്പെട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. വിജയഗോൾ നേടാൻ നാനിക്കും റൊണാൾഡോയ്ക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ പരാജയപ്പെടുകയായിരുന്നു. ഗോളെന്നുറച്ച 3 അവസരങ്ങളാണ് ക്ലോഡിയോ ബ്രാവോ കുത്തിയകറ്റിയത്.

ഷൂട്ടൗട്ടിൽ ചിലിക്കായി കിക്കെടുത്ത 3 പേരും ലക്ഷ്യം കണ്ടപ്പോൾ ഒറ്റയെണ്ണം പോലും പോർച്ചുഗലിന് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. അട്ടൂറോ വിഡാലും, അരാഗ്വിസും, അലക്സിസ് സാഞ്ചസ് എന്നിവരാണ് ചിലിക്കായി കിക്കുകൾ എടുത്തത്. എന്നാൽ പോർച്ചുഗലിനായി കിക്കെടുത്ത നാനി,റിക്കാഡോ ക്വറേസ്മോ,ഫിലിപ്പെ സാന്റോസ് എന്നിവരുടെ കിക്കുകൾ ബ്രാവോ തടുത്തു.

ഇതോടെ മറ്റൊരു ലോക കിരീടം സ്വന്തമാക്കാമെന്ന ക്രിസസ്റ്റ്യാനോ റൊണാൾഡോയുടെ മോഹം പാഴായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ