ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍നായകന്‍ എം.എസ്.ധോണിയുടെ ഭാവിയെ കുറിച്ചുള്ള സൂചനകളും ലഭ്യമായിരിക്കുകയാണ്. ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധോണി ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിലുമില്ല. ആരാധകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ആശങ്കള്‍ക്ക് കൃത്യമായ മറുപടി നല്‍കിയായിരുന്നു മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ പ്രതികരണം.
ധോണി എന്തുകൊണ്ട് ടീമിലില്ലെന്ന ചോദ്യത്തിന് പ്രസാദ് നല്‍കിയ ഉത്തരം ”ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്, ഞങ്ങള്‍ക്ക് വളരെ വ്യക്തതയുണ്ട്” എന്നായിരുന്നു.
Read More: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; ബംഗ്ലാദേശിനെതിരായ പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു
”ലോകകപ്പിന് ശേഷം മുതല്‍ തന്നെ ഞാന്‍ വളരെ കൃത്യമായി പറഞ്ഞിരുന്നു. ഞങ്ങള്‍ ഋഷഭ് പന്തിനെ വളര്‍ത്തിയെടുക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നത്. അത് തന്നെ തുടരും. പ്രതീക്ഷിച്ചത് പോലെ നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ അവന് സാധിച്ചില്ലെങ്കിലും പിന്തുണച്ചാല്‍ മാത്രമെ നല്ല താരത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അവന്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്” പ്രസാദ് പറഞ്ഞു.
ഇന്ത്യന്‍ സെലക്ടര്‍മാര്‍ ധോണിയെ മറി കടന്ന് മുന്നോട്ട് പോകാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് പ്രസാദിന്റെ ഉത്തരം ഇതായിരുന്നു,
”അതാണ് ഞാന്‍ നേരത്തെ വ്യക്തമാക്കിയത്. ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. യുവാക്കള്‍ക്ക് അവസരം നല്‍കുകയാണ്. അവര്‍ ടീമിനൊപ്പം വളര്‍ന്നു വരുന്നതാണ് കാണുന്നത്. പന്ത് നന്നായി കളിക്കുന്നതും സഞ്ജു സാംസണ്‍ കടന്നു വരുന്നതും കാണുമ്പോള്‍ ഞങ്ങളെന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നുറപ്പാണ്”.