ഏകദിന ക്രിക്കറ്റ് കളിക്കാൻ ഇനിയും താൽപര്യമുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാൻ ചേതേശ്വർ പൂജാര. “ടീം ഇന്ത്യയ്ക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്, അതിൽ സംശയമില്ല,” ഒരു അഭിമുഖത്തിൽ പൂജാര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്‌ക്കായി മികച്ച പോരാട്ടമാണ് പൂജാര നടത്തിയത്.

ഇന്ത്യയ്‌ക്കായി അഞ്ച് ഏകദിനങ്ങളിൽ മാത്രമാണ് ചേതേശ്വർ പൂജാര കളിച്ചിട്ടുള്ളത്. എന്നാൽ, അത്ര മികച്ച ഇന്നിങ്സുകളൊന്നും ഏകദിനത്തിൽ പൂജാരയ്ക്ക് സ്വന്തമായില്ല. അഞ്ച് ഏകദിന മത്സരങ്ങളിൽ നിന്ന് വെറും 51 റൺസ് മാത്രമാണ് പൂജാരയുടെ സമ്പാദ്യം. ശരാശരി 10.2, ഉയർന്ന സ്‌കോർ 27. 2014 ൽ ബംഗ്ലാദേശിനെതിരെയാണ് പൂജാര അവസാനമായി ഏകദിനത്തിൽ കളിച്ചത്. ഇന്ത്യയ്‌ക്കായി ഒരു ടി 20 മത്സരത്തിൽ പോലും താരം കളിച്ചിട്ടുമില്ല.

Read Also: സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ല: പൂജാര

നിലവിൽ ഇന്ത്യയുടെ ഏറ്റവും സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്‌സ്‌മാനാണ് പൂജാര. 81 ടെസ്റ്റ് മത്സരങ്ങളിലായി 136 ഇന്നിങ്സുകൾ കളിച്ച താരം 47.74 ശരാശരിയിൽ 6,111 റൺസ് നേടിയിട്ടുണ്ട്. 206 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. മൂന്ന് തവണ ഇരട്ട സെഞ്ചുറി നേടിയ പൂജാര 18 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 28 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് പൂജാര. മൂന്ന് അർധ സെഞ്ചുറിയുമായി 271 റൺസാണ് പൂജാര നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook