ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വൻമതിൽ ആയിരുന്നു ചേതേശ്വർ പൂജാര. ഓസ്ട്രേലിയയുടെ ഷോർട്ട് ബോളുകളെയും സ്ലെഡ്ജിങ്ങിനെയും ഒരുപോലെ നേരിട്ട പൂജാര ക്രീസിൽ ഉറച്ച പാറപോലെയായിരുന്നു. പ്രത്യേകിച്ച് അവസാന ടെസ്റ്റിലെ ചെറുത്തുനിൽപ്പ് ഏറെ പ്രശംസനീയമാണ്. ഗാബ ടെസ്റ്റിൽ 328 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുമ്പോള് 211 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. താരത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ചുറി.
ടെസ്റ്റ് പരമ്പരയിൽ ഓസീസ് ബൗളർമാരെ നേരിട്ടത് ഏറെ പ്രയാസപ്പെട്ടാണെന്ന് പൂജാര നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പറഞ്ഞതിനേക്കാൾ കഠിനമായിരുന്നു ക്രീസിൽ ഓരോ നിമിഷവുമെന്ന് താരം ആവർത്തിക്കുന്നു. ഗാബ ടെസ്റ്റിൽ 11 തവണയാണ് പൂജാരയുടെ ദേഹത്ത് പന്ത് കൊണ്ടത്. ഇതിൽ പല ഡെലിവറികളും അതികഠിനമായ വേദനയാണ് തനിക്കു സമ്മാനിച്ചതെന്ന് പൂജാര പറയുന്നു.
“തോളിൽ പന്തുകൊണ്ട് രക്തം കട്ടപിടിച്ചു. നല്ല വേദനയായിരുന്നു. ഇപ്പോഴാണ് അത് ശരിയായത്. വേദന കുറഞ്ഞു, ഞാൻ സുഖം പ്രാപിച്ചു. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ നമുക്ക് എല്ലാ സംരക്ഷണവുമുണ്ട്. പക്ഷേ, അവസാന ടെസ്റ്റിൽ വിരലില്‍ കൊണ്ട ഏറ് അത്യധികം വേദനയുളവാക്കി. അതായിരുന്നു ഏറ്റവും കഠിനമായ പ്രഹരം. വിരല്‍ ഒടിഞ്ഞുവെന്ന് ഞാൻ കരുതി. മെല്‍ബണില്‍ നെറ്റ് സെഷനിടെ വിരലില്‍ പന്ത് തട്ടിയിരുന്നു. പക്ഷേ ബ്രിസ്ബെയ്നിൽ അതേ വിരലില്‍ തന്നെ പന്ത് തട്ടിയത് അസഹനീയമായിരുന്നു,” എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പൂജാര പറഞ്ഞു.
“ഓസ്ട്രേലിയൻ ബൗളർമാർക്ക് എല്ലാ ക്രെഡിറ്റും. അവർ ഞങ്ങളുടെ ബാറ്റിങ്ങിനെ കുറിച്ച് കൃത്യമായി പഠിച്ചാണ് കളിച്ചത്. ഞങ്ങളുടെ ബാറ്റിങ് വീഡിയോ കണ്ട് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് അവർ കളിക്കാനെത്തിയത്. എന്നാൽ, ഏറെ ക്ഷമയോടെ കളിച്ചപ്പോൾ അതിനെ മറികടക്കാൻ സാധിച്ചു” പൂജാര പറഞ്ഞു.
ഓസീസിനെതിരായ പരമ്പരയിൽ നാല് ടെസ്റ്റുകളിൽ നിന്നായി 271 റൺസാണ് പൂജാര നേടിയത്. പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് സ്കോറർ. മൂന്ന് അർധ സെഞ്ചുറികളും താരം നേടി.