ദുബായ്: ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. കരിയറിൽ ഇത് മൂന്നാം തവണയാണ് പൂജാര രണ്ടാം റാങ്കിൽ എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരന്പരയിലെ മികച്ച പ്രകടനമാണ് പൂജാരയെ രണ്ടാം റാങ്കിൽ എത്തിച്ചത്. രണ്ട് ടെസ്റ്റുകളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും പൂജാരയുടെ പേരിലുണ്ട്. ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഒന്നാം റാങ്കിൽ.
പൂജാരയെ കൂടാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്തും, കെ.എൽ.രാഹുൽ ഒമ്പതാം സ്ഥാനത്തുമുണ്ട്. കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റോടെ (888)യാണ് പൂജാര രണ്ടാം സ്ഥാനത്ത് എത്തിയത്. രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 60 പോയിന്റ് ഉയർത്തി.
ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൺ എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ട്. ബോളർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തുണ്ട്. വേഗത്തിൽ 300 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ രവിചന്ദ്ര അശ്വിൻ ബോളർമാരുടെ പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേയ്സൻ ആണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ മൂന്നാം സ്ഥാനത്തുമാണ്.
ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ജഡേജ രണ്ടാം സ്ഥാനവും അശ്വിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.