സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ വേണ്ടി ഇറങ്ങിയതാണ് ഇന്ത്യ ഇന്ന്. എന്നാൽ അഞ്ചാം ദിനത്തിലെ കളി ആരംഭിച്ച് മിനിറ്റുകൾക്കകം ഇന്ത്യക്ക് ചേതേശ്വർ പൂജാരെയുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് പൂജാരെയുടെ പ്രകടനമായിരിക്കുമെന്ന് ഏവരും വിലയിരുത്തിയ ഘട്ടത്തിലാണ് പൂജാരെയുടെ ഞെട്ടിക്കുന്ന പുറത്താകൽ.

ഇന്ത്യൻ സ്കോർ 49/3 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പൂജാരെയുടെ പുറത്താകൽ. ആദ്യ ഇന്നിങ്സിലേത് പോലെ തന്നെ റണ്ണൗട്ടാകാൻ ആയിരുന്നു പൂജാരെയുടെ തലവിധി. റബാദയുടെ പന്തിൽ പട്ടേൽ കളിച്ച ഷോട്ടിൽ മൂന്നാം റൺസിനായി ഓടുമ്പോഴാണ് പൂജാരെ പുറത്താകുന്നത്. ഡിവില്ലിയേഴ്സിന്റെ കൃത്യമായ ത്രോ സ്വീകരിച്ച ഡിക്കോക്ക് സ്റ്റംമ്പ് തെറിപ്പിക്കുകയായിരുന്നു.

തുടർച്ചയായ രണ്ടാം ഇന്നിങ്സിലും റണ്ണൗട്ടായത് പൂജാരെയ്ക്ക് നാണക്കേടായി. രണ്ട് ഇന്നിങ്സുകളിലും റണ്ണൗട്ട് ആകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പൂജാരെയുടെ പേരിൽ ആയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ട് ഇന്നിങ്സുകളിലും റണ്ണൗട്ട് ആകുന്ന ആദ്യ താരമെന്ന റെക്കോർഡും പൂജാരയുടെ പേരിലായി.

ആദ്യ ഇന്നിങ്സിൽ ആദ്യ പന്തിൽത്തന്നെയാണ് പൂജാരെ റണ്ണൗട്ടായത്. ഇല്ലാത്ത റൺസിന് ഓടിയ പൂജാരെയെ എൻഡിഡിയുടെ ഡയറക്ട് ത്രോയാണ് വീഴ്ത്തിയത്. റൺസിനായുളള ഓട്ടത്തിൽ വേഗതക്കുറവുള്ള താരമാണ് പൂജാരെ. ആദ്യ ഇന്നിങ്സിൽ അക്കൗണ്ട് തുറക്കും മുൻപാണ് പൂജാരെയുടെ മടക്കം. രണ്ടാം ഇന്നിങ്സിൽ 19 റൺസാണ് ഇന്ത്യൻ താരത്തിന്റെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ