“ഒരു നിര്‍ണായക നിമിഷം വരുമ്പോള്‍ നിങ്ങള്‍ ആ നിമിഷത്തെ നിര്‍വചിച്ചില്ലെങ്കില്‍ അത് നിങ്ങളെ നിര്‍വചിക്കും.”

സ്‌പോര്‍ട്‌സ് സിനിമയായ ടിന്‍ കപ്പില്‍ കെവിന്‍ കോസ്റ്റ്‌നര്‍ അവിസ്മരണീയമാക്കിയ ഈ വാചകവുമായി 1980-കളില്‍ കപില്‍ ദേവിന്റെ വിശ്വസ്തനും സ്ഥിരോത്സാഹിയുമായ മീഡിയം പേസര്‍ ചേതന്‍ ശര്‍മ്മയ്ക്ക് താദാത്മ്യം പ്രാപിക്കാന്‍ സാധിക്കും. 23 ടെസ്റ്റുകളും 65 ഏകദിനങ്ങളും അടങ്ങിയ അദ്ദേഹത്തിന്റെ ഒരു ദശാബ്ദം നീണ്ട അന്താരാഷ്ട്ര കരിയറിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഒന്നല്ല രണ്ട് നിര്‍ണായക നിമിഷങ്ങള്‍ കണാനാകും.

1986-ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രല്‍-ഏഷ്യ കപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ ആയിരുന്നു ആദ്യത്തേത് സംഭവിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും ആവേശകരമായ മത്സരത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. എന്നിരുന്നാലും, ഇന്ത്യയുടെ സ്‌കോറിനെ കഠിനപരിശ്രമത്തോടെ പിന്തുടര്‍ന്ന് ജയിക്കാന്‍ അവസാന പന്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ മത്സരത്തെ എത്തിച്ച ജാവേദ് മിയാന്‍ദാദിന് മറുപടി നല്‍കാന്‍ ടീമിനായില്ല. വിശ്വസ്തനായ ശര്‍മ്മയെ ക്യാപ്റ്റനായ കപില്‍ പന്തേല്‍പ്പിച്ചു. ഒരു യോര്‍ക്കര്‍ എറിയാനായി അദ്ദേഹം ഓടിയടുത്തു. പക്ഷേ, പകരം മുട്ടിന്റെ ഉയരത്തില്‍ എത്തിയ പന്ത് മിയാന്‍ദാദ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പായിച്ചു. ആവേശോജ്ജ്വലമായ സാഹചര്യത്തില്‍ പാകിസ്താന്‍ വിജയിച്ചു. പക്ഷേ, ആ അടി ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ആഴത്തിലെ മുറിവേല്‍പ്പിച്ചു.

Read Also: ‘ഞങ്ങളുടെ വില ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല,’ ഫെഡറേഷന്‍ കപ്പ് വിജയത്തെ കുറിച്ച് സിവി പാപ്പച്ചന്‍ ഓര്‍ക്കുന്നു

1980-കളില്‍ ഇന്ത്യാ-പാകിസ്താന്‍ മത്സരങ്ങള്‍ സംഘര്‍ഷ ഭരിതവും ആവേശകരവുമായിരുന്നു. ഈ മത്സരങ്ങളില്‍ യശസ്സ് വര്‍ദ്ധിക്കുകയും ആത്മവിശ്വാസം തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിന്റെ അപരാധിയെന്ന് ശര്‍മ്മ വിളിക്കപ്പെടുകയും ചെയ്തു. അവസാന പന്തെറിയുന്നത് വരെ ഇന്ത്യയുടെ ആ മത്സരത്തിലെ ഏറ്റവും മികച്ച ബൗളര്‍ അദ്ദേഹമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.

javed miandad

ഈ സംഭവങ്ങള്‍ മിക്ക ക്രിക്കറ്റ് താരങ്ങളുടെ മനസ്സില്‍ മായ്ക്കാനാകാത്ത ആഘാതമുണ്ടാക്കും. പക്ഷേ, ദീര്‍ഘകാലം നിലനിന്ന പ്രത്യാഘാതങ്ങള്‍ ശര്‍മ്മ കഷ്ടിച്ചേ കാണിച്ചിരുന്നുള്ളൂ. പകരം, ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇന്ത്യയുടെ വിശ്വസ്തനായ ബൗളറായി അദ്ദേഹം ദിനംപ്രതി ശക്തിപ്രാപിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ വിജയകരമായ ഇംഗ്ലണ്ട് പര്യടനത്തില്‍ ശര്‍മ്മ നിര്‍ണായക പങ്കുവഹിച്ചു.എഡ്ബാസ്റ്റണില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തിയതടക്കം 16 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

“ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ എപ്രകാരമാണെന്ന് നിങ്ങള്‍ക്ക് അറിയാം. പക്ഷേ, ആ ഒരൊറ്റ പന്തിന്റെ പേരില്‍ എനിക്ക് ഉറക്കം നഷ്ടപ്പെട്ടില്ല. ഭാഗ്യവശാല്‍, ടീമിലെ മുതിര്‍ന്നവര്‍ എന്നെ പിന്തുണച്ചു. വ്യക്തിപരമായി, ഞാന്‍ എന്റെ ഉന്നതങ്ങളിലായിരുന്നു. ആ മത്സരത്തിനുശേഷമാണ് എന്റെ ചില മികച്ച പ്രകടനങ്ങള്‍ വന്നത്,” ശര്‍മ്മ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നിരുന്നാലും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ശര്‍മ്മയ്ക്ക് മാപ്പ് കൊടുത്തില്ല. 1986-ലെ ഷാര്‍ജ മത്സരം അദ്ദേഹത്തിന്റെ കരിയറില്‍ മായ്ക്കാനാകാത്ത പാടും അപകീര്‍ത്തിയും അവശേഷിപ്പിച്ചു.

ഭാഗ്യവശാല്‍, ശര്‍മ്മയ്ക്ക് രണ്ടാമതൊരു അവസരം ലഭിച്ചു. അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ നിര്‍ണായക നിമിഷമായിരുന്നു. ആദ്യത്തെ അവസരം കഴിഞ്ഞ് 18 മാസങ്ങള്‍ക്കുശേഷം 1987-ലെ നാഗ്പൂര്‍ ലോകകപ്പ് മത്സരത്തിലായിരുന്നു അത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിഫൈനലില്‍ കടക്കാനും സെമിയില്‍ പങ്കെടുക്കുന്നതിന് പാകിസ്താനിലേക്ക് പോകാതിരിക്കാനുമായി ന്യൂസിലാന്റിനെ തരക്കേടില്ലാത്ത മാര്‍ജിനില്‍ തോല്‍പിക്കണമായിരുന്നു. തുടര്‍ച്ചയായ പന്തുകളില്‍ കെന്‍ റുഥര്‍ഫോര്‍ഡിനേയും ഇയാന്‍ സ്മിത്തിനേയും ഈവന്‍ ചാറ്റ്ഫീല്‍ഡിനേയും പുറത്താക്കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യാക്കാരനായ ശര്‍മ്മ രാജ്യത്തിന്റെ ഹീറോയായി. ഇന്ത്യ ആ മത്സരത്തില്‍ വന്‍വിജയം നേടി. നാഗ്പൂരില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവച്ചുവെങ്കിലും ആ ലോകകപ്പില്‍ ശര്‍മ്മ പങ്കെടുക്കുമെന്ന് വളരെ കുറച്ചുപേരെ കരുതിയിരുന്നുള്ളൂ.

Read Also: “ഞാൻ അവരോട് പറഞ്ഞു, നിങ്ങളെ ഒരു മാതൃകയായി കാണാൻ; ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്”-ഐഎം വിജയൻ സുനിൽ ഛേത്രിയോട്

1987-ലെ റിലയന്‍സ് ലോകകപ്പിന് രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ പാകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെ ശര്‍മ്മയുടെ വിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. സ്‌കാനിങ് ഫലം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പേടി സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാകും. അത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“ആ ദിവസം ഞാനെത്ര തകര്‍ന്നുപോയെന്ന് എനിക്ക് വിവരിക്കാനാകില്ല. ലോകകപ്പില്‍ കളിക്കുകയെന്നത് എനിക്ക് എല്ലാമായിരുന്നു. കൂടാതെ മത്സരം നടക്കുന്നത് ഇന്ത്യയിലും. അതിനുമുമ്പുള്ള 12 മാസം ലോകകപ്പ് ലക്ഷ്യമാക്കി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു. അപ്പോഴാണ് പരിക്കേല്‍ക്കുന്നത്,” ശര്‍മ്മ ഓര്‍ക്കുന്നു.

സെലക്ടര്‍മാര്‍ ശര്‍മ്മയ്ക്ക് പകരക്കാരനെ തേടി. പക്ഷേ, ക്യാപ്റ്റന്‍ കപില്‍ ദേവ് വാശിപിടിച്ചു. തന്റെ വിശ്വസ്തനെ ടീമില്‍ വേണം. “ഞാന്‍ അദ്ദേഹത്തിന്റെ പരുക്കിനെ കാര്യമാക്കിയില്ല. ചേതന്‍ മത്സരം വിജയിപ്പിക്കാന്‍ കഴിവുള്ളയാളാണ്. എന്റെ ടീമില്‍ എനിക്ക് അയാളെ വേണം,” സെലക്ടര്‍മാരില്‍ ഒരാളോട് അദ്ദേഹം പറഞ്ഞു. സെലക്ടര്‍മാര്‍ വഴങ്ങി. പരിക്കുണ്ടെങ്കിലും ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തി. “കപില്‍ പാജിയോട് ഞാന്‍ എക്കാലത്തേയ്ക്കും കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ ലോകകപ്പ് കളിക്കില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.

chetan sharmaആദ്യ രണ്ട് മത്സരങ്ങളിലും ശര്‍മ്മ പുറത്തിരുന്നു. നെറ്റില്‍ വളരെക്കുറച്ചേ പന്തെറിഞ്ഞുള്ളൂ. ഡല്‍ഹിയില്‍ ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ കപില്‍ പരിക്ക് മൂലം വിഷമിച്ചിരുന്ന അദ്ദേഹത്തെ വിളിച്ചു. “ആ മത്സരത്തിന് മുമ്പ് ഞാന്‍ വേദനാസംഹാരികള്‍ ഉപയോഗിച്ചു. എന്റെ ആദ്യ ലോകകപ്പ് മത്സരമായതിനാല്‍ എനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ അതിലുപരി എന്നെ പിന്തുണച്ച എന്റെ ക്യാപ്റ്റന് എന്റെ മേലുള്ള വിശ്വാസത്തെ ഞാന്‍ നീതികരിക്കണമായിരുന്നു,” ശര്‍മ്മ വിശദീകരിച്ചു.

ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. നാല് ദിവസത്തിനുശേഷം അഹമ്മദാബാദില്‍ സിംബാബ്വേയ്‌ക്കെതിരെ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അടുത്തതായി, ഇന്ത്യ ഉറപ്പായും വിജയിക്കേണ്ട ന്യൂസിലന്റിനെതിരായ മത്സരം. അതേസമയം, ശര്‍മ്മ അദ്ദേഹത്തിന്റേതായ പോരാട്ടത്തിലുമായിരുന്നു. ടെസ്റ്റിലായാലു ഏകദിനത്തിലായാലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മാര്‍ട്ടിന്‍ ക്രോയെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. അലന്‍ ബോര്‍ഡറും വിവ് റിച്ചാര്‍ഡ്‌സും പോലെയുള്ള നിരവധി ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുകയും അവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ക്രോ എനിക്കെതിരെ സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നു, അദ്ദേഹം പറഞ്ഞു.

Read Also: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്

നാഗ്പൂരില്‍ ശര്‍മ്മയുടെ പന്തില്‍ ക്രോ രണ്ട് ബൗണ്ടറികള്‍ നേടുകയും തുടര്‍ന്ന് കപില്‍ ശര്‍മ്മയ്‌ക്കൊരു ഇടവേള നല്‍കുകയും ചെയ്തു. സത്യത്തില്‍ ഞാന്‍ ആ മത്സരത്തിന് വരുന്നത് സമര്‍ദ്ദത്തോടെയായിരുന്നു. ക്രോയ്‌ക്കെതിരെ ആയിരുന്നു എന്റെ ആദ്യ സ്‌പെല്‍. അദ്ദേഹം എന്നെ രണ്ട് ബൗണ്ടറികള്‍ പായിച്ചു. കപില്‍ പാജി എന്നെ ആക്രമണത്തില്‍ നിന്നും പിന്‍വലിച്ചു, മുന്‍ പേസ് ബൗളര്‍ ഓര്‍ക്കുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന്റെ പന്തില്‍ ക്രോയെ വിക്കറ്റ് കീപ്പര്‍ പിടികൂടി. 21 റണ്‍സായിരുന്നു ക്രോയുടെ സമ്പാദ്യം. ഓപ്പണര്‍ ജോണ്‍ റൈറ്റും ക്യാപ്റ്റന്‍ ജെഫ് ക്രോയും പുറത്തായി. എന്നാല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദീപക് പട്ടേലും മാര്‍ട്ടിന്‍ സ്‌നെഡനും ചേര്‍ന്ന് 59 റണ്‍സെടുത്ത് ആതിഥേയരില്‍ നിന്നും മത്സരം തട്ടിയെടുക്കുമെന്ന തോന്നല്‍ ഉണ്ടാക്കി. പട്ടേലിനെ രവി ശാസ്ത്രി പുറത്താക്കിയപ്പോള്‍ കപില്‍ ഒരു സാധ്യത കണ്ടു. ശര്‍മ്മയെ ആക്രമണത്തിന് തിരിച്ചു കൊണ്ടുവന്നു. “എനിക്ക് വിക്കറ്റുകള്‍ തരൂ,” അതായിരുന്നു കപിലിന്റെ ആവശ്യം.

മറ്റൊരു പാളിയ സ്‌പെല്‍ തനിക്ക് താങ്ങാനാകില്ലെന്ന് ശര്‍മ്മയ്ക്ക് അറിയാമായിരുന്നു. സാഹചര്യങ്ങള്‍ മുതല്‍ ബൗളിങ് ഫോം വരെ എല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നിര്‍ണായക നിമിഷമായിരുന്നു അത്. 1986-ലെ ഷാര്‍ജയില്‍ നിന്നും വ്യത്യസ്തമായി ആ നിമിഷത്തെ നിര്‍വചിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

ശര്‍മ്മ ഓടിയെത്തിയപ്പോള്‍ എല്ലാ താരങ്ങളും കൃത്യമായി അണിനിരന്ന് ആ മൂന്ന് മാന്ത്രിക പന്തുകള്‍ എറിയുന്നതിന് അദ്ദേഹത്തെ സഹായിച്ചു. ആദ്യം, അദ്ദേഹത്തിന്റെ മൂളിപ്പറന്നെത്തിയ ഇന്‍സ്വിങ്ങര്‍ മിഡില്‍ സ്റ്റംമ്പ് തെറിപ്പിച്ചു. റുഥര്‍ഫോര്‍ഡ് ഔട്ട്. സമാനമായി സ്മിത്തിനെതിരെ എറിഞ്ഞ അടുത്ത പന്ത് ഓഫ് സ്റ്റംമ്പെടുത്തു. എങ്കിലും ഒരു ഹാട്രിക് തന്നെ കാത്തിരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആഘോഷങ്ങള്‍ക്കിടെ കപില്‍ ശര്‍മ്മയുടെ സമീപത്തേക്ക് വന്നു പറഞ്ഞു, “അയാളെ നോക്കൂ (ചാറ്റ്ഫീല്‍ഡിനെ ചൂണ്ടിക്കാണിച്ച്), അയാള്‍ പേടിച്ചിരിക്കുകയാണ്. ഈ ഫ്‌ളാറ്റ് വിക്കറ്റില്‍ മുഖംമൂടിയുള്ള ഒരു ഹെല്‍മെറ്റ് ധരിച്ചാണ് ബാറ്റ് ചെയ്യാന്‍ അയാളെത്തിയിരിക്കുന്നത്.”

അത് ശര്‍മ്മയെ കൂടുതല്‍ ധൈര്യപ്പെടുത്തി. മറ്റൊരു ഇന്‍സ്വിങ്ങര്‍ കൂടെ പറന്നു. അത് ചാറ്റ്ഫീല്‍ഡിന്റെ ലെഗ്സ്റ്റമ്പെടുത്തു. വിസിഎ സ്റ്റേഡിയം സന്തോഷത്താല്‍ പൊട്ടിത്തെറിച്ചു. 21 വയസ്സുകാരനായ ലുഥിയാനക്കാരന്‍ റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്തിരിക്കുന്നു.

“ഈ റെക്കോര്‍ഡിനൊരു പ്രത്യേകതയുണ്ട്. മൂന്ന് വിക്കറ്റുകളും ബൗള്‍ഡാണ്. ആദ്യം മിഡില്‍ സ്റ്റമ്പ്, രണ്ടാമത് ഓഫ് സ്റ്റമ്പ്, മൂന്നാമത് ലെഗ് സ്റ്റമ്പ്. അതിനുമുമ്പോ ശേഷമോ അത്തരമൊന്ന് ആവര്‍ത്തിച്ചില്ല,” ശര്‍മ്മ പറയുന്നു.

വൈകുന്നേരം, ബോബേയിലേക്ക് സെമിഫൈനല്‍ മത്സരത്തിനായി വിമാനത്തില്‍ പറക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ ക്രൂ കൈയടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അടുത്ത ദിവസം പത്രങ്ങളുടെ ഒന്നാം പേജില്‍ അദ്ദേഹത്തിന്റെ ഫോട്ടോയും അടിച്ചുവന്നു.

Read in English: Four balls and a career: Chetan Sharma

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook