ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരും പോരാട്ടത്തിനും കൂടി രണ്ടാം മത്സരം സാക്ഷ്യം വഹിക്കും. ഒരു ആശാനും ശിഷ്യനും തമ്മിലുള്ള പോരാട്ടത്തിന്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിങ് ധോണിയും റിഷഭ് പന്തും തമ്മിലാണത്. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിലാണ് പന്തിനെ ഡല്‍ഹി നായകനായി നിയമിച്ചത്.
കഴിഞ്ഞ തവണ മറ്റ് ടീമുകളെയെല്ലാം ഞെട്ടിച്ച പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്. ഫൈനല്‍ വരെ എത്താനും അവര്‍ക്കായി. ഇത്തവണ ജയത്തോടെ തുടങ്ങുകയായിരിക്കും യുവനിരയുടെ ലക്ഷ്യം. മറുവശത്ത് ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ഐപിഎല്‍ ആയിരുന്നു ധോണിക്കും കൂട്ടര്‍ക്കും. ഏഴാം സ്ഥാനത്തായാണ് മുന്‍ ചാമ്പ്യന്മാര് സീസണവസാനിപ്പിച്ചത്.
“ഞാന്‍ നായകനായുള്ള ആദ്യ മത്സരം ധോണി ഭായിയുടെ ടീമിനെതിരെയാണ്. ഇതൊരു നല്ല അനുഭവമാണ്, കാരണം അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. നായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് മനസിലാക്കിയതും എന്റെ പരിചയസമ്പത്തിലുള്ളതുമായ കാര്യങ്ങള്‍ ഉപയോഗിക്കും,” പന്ത് പറഞ്ഞു.
ശിഖര്‍ ധവാന്, പൃത്വി ഷാ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് എന്നിവര്‍ ചേരുന്ന ഡല്‍ഹി ബാറ്റിങ് നിര ശക്തമാണ്. 2020ല്‍ 618 റണ്‍സുമായി ധവാന് റണ്‍വേട്ടക്കാരില്‍ രണ്ടാമതെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ധവാന് തിളങ്ങാനായി. ഓസ്ട്രേലിയയിലെ ദുഃസ്വപ്നങ്ങള്‍ക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ ബാറ്റ് കൊണ്ടും തന്ത്രങ്ങള്‍ക്കൊണ്ടും കിരീടത്തിലെത്തിച്ചാണ് ഷായുടെ വരവ്. മറ്റാരേക്കാള്‍ ആത്മവിശ്വാസവും യുവതാരത്തിനുണ്ടാകും. പന്തിന്റെ ആക്രമണശൈലിയിലുള്ള പ്രകടനങ്ങള്‍ കൂടിയെത്തുമ്പോള്‍ ഡല്‍ഹി ബാറ്റിങ് സന്തുലിതമാകുന്നു.
Read More: പൊരുതിനിന്ന് ഡിവില്ലേഴ്സ്; ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്
ബാറ്റിങ്ങില്‍ മാത്രമല്ല ഡല്‍ഹിയുടെ കരുത്ത്. ലോകോത്തര ഓള് റൗണ്ടര്‍മാരും ടീമിലുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെയ്റ്റ്മെയര്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് മധ്യനിരയിലെ കരുത്ത്. ബോളിങ്ങിലും ഡല്‍ഹി പിന്നോട്ടല്ല. കഗീസോ റബാഡ നയിക്കുന്ന നിരയില്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്സ്, അന്റിച്ച് നോര്‍ജെ, രവിചന്ദ്രന്‍ അശ്വിന്, അമിത് മിശ്ര എന്നിവരുണ്ട്. റബാഡയുടെ പ്രകടനമികവ് ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
സുരേഷ് റെയ്നയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ചെന്നൈയ്ക്ക് ഊര്‍ജം പകരുന്ന പ്രധാനകാര്യം. 5368 റണ്‍സാണ് റെയ്ന ഐപിഎല്ലില്‍ ചെന്നൈക്കായി നേടിയത്. റെയ്നയുടെ സാന്നിധ്യം മുന്‍നിരയുടെ ശക്തികൂട്ടും. അമ്പാട്ടി റായിഡു, ഫാഫ് ഡൂപ്ലെസി, റുതുരാജ് ഗെയ്ക്വാഡ് എന്നിവരായിരിക്കും റെയ്നക്കൊപ്പം ആദ്യ നാലില്‍.
ഓള്‍റൗണ്ടര്‍മാരായ സാം കറണ്‍, മൊയീന്‍ അലി എന്നിവര്‍ മധ്യനിരയിലെത്താനാണ് സാധ്യത. ഇന്ത്യക്കെതിരായ അവസാന ട്വന്റി 20യി മൊയീനും ഏകദിനത്തില്‍ കറണും മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്നു. ഇരുവര്‍ക്കും ശേഷം ഫിനിഷറായി ധോണിയും ചേരും. കളിയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് ബാറ്റിങ്ങില്‍ ധോണിയുടെ സ്ഥാനം മാറിമറിയാനിടയുണ്ട്.
ബോളിങ്ങില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ ഓസ്ട്രേലിയയിലേക്കുള്ള മടക്കം ധോണിപ്പടക്ക് തിരിച്ചടിയായി. ഷാര്‍ദൂല്‍ ഠാക്കൂര്‍-ദീപക് ചാഹര്‍ ആയിരിക്കും പേസ് നിരയെ നയിക്കുക. സ്പിന്നറായി രവിന്ദ്ര ജഡേജയും ടീമിലെത്തും. ഷാര്ദൂലിന്റെയും ജഡേജയുടേയും ബാറ്റിങ് മികവ് ചെന്നൈക്ക് തുണയാകും.
ഡല്‍ഹി ക്യാപിറ്റൽസ്
റിഷഭ് പന്ത്, ശിഖർ ധവാൻ, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ഷിമ്രോൺ ഹെറ്റ്മിയർ, മാർക്കസ് സ്റ്റോയിനിസ്, ക്രിസ് വോക്സ്, ആർ അശ്വിൻ, അമിത് മിശ്ര, ലളിത് യാദവ്, പ്രവീൺ ദുബെ, കഗിസോ റബാഡ, അൻറിച് നോർജെ , അവേഷ് ഖാൻ, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, റിപ്പാൽ പട്ടേൽ, വിഷ്ണു വിനോദ്, ലുക്മാൻ മെറിവാല, എം സിദ്ധാർത്ഥ്, ടോം കറണ്‍, സാം ബില്ലിംഗ്സ്.
ചെന്നൈ സൂപ്പര്‍ കിങ്സ്
മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്ന, അമ്പട്ടി റായുഡു, കെഎം ആസിഫ്, ദീപക് ചഹാർ, ഡ്വെയ്ൻ ബ്രാവോ, ഫാഫ് ഡു പ്ലെസിസ്, ഇമ്രാൻ താഹിർ, എൻ ജഗദീസൻ, കർൺ ശർമ, ലുങ്കി എങ്കിഡി, മിച്ചൽ സാറ്റ്നർ , റുതുരാജ് ഗെയ്ക്വാഡ്, ഷാർദുൽ താക്കൂർ, സാം കറണ്‍, ആർ സായ് കിഷോർ, മൊയിൻ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വർ പൂജാര, ഹരിശങ്കർ റെഡ്ഡി, ഭഗത് വർമ്മ, സി ഹരി നിഷാന്ത്