സുരേഷ് റെയ്‌നയുടെ പേര് വെട്ടി ചെന്നൈ സൂപ്പർ കിങ്‌സ്. ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് റെയ്‌നയുടെ പേര് ഒഴിവാക്കിയത്. ഈ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനു വേണ്ടി റെയ്‌ന കളിക്കില്ലെന്ന് ഉറപ്പായി.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ചെന്നൈ ക്യാംപിൽ എത്തിയ ശേഷം റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ വീണ്ടും ടീമിനൊപ്പം ചേരാൻ തയ്യാറാണെന്ന് റെയ്‌ന അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഔദ്യോഗിക വെബ് സൈറ്റിൽ നിന്നുതന്നെ താരത്തിന്റെ പേര് നീക്കം ചെയ്‌തതായാണ് ഇപ്പോൾ കാണുന്നത്.

റെയ്‌നയെ ലഭ്യമല്ലാത്തതിനാലാണ് പേര് നീക്കം ചെയ്‌തതെന്നാണ് ടീം മാനേജ്‌മെന്റ് വിശദീകരണം. എന്തായാലും റെയ്‌ന തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിന്ന ആരാധകർക്ക് വലിയ തിരിച്ചടിയാണ് ഈ വാർത്ത. റെയ്‌നയുടെ അഭാവം ഈ സീസണിൽ പ്രകടവുമാണ്.

Read Also: സൂപ്പർ ഓവറിൽ എന്തുകൊണ്ട് ഇഷാനെ ഇറക്കിയില്ല? വിവാദങ്ങൾക്കിടെ പ്രതികരിച്ച് മുംബെെ ടീം മാനേജ്‌മെന്റ്

“ഐപിഎല്ലിൽ നിന്ന് പിന്മാറാനുള്ള തീരുമാനം റെയ്‌നയുടേതായിരുന്നു. അതിനെ ബഹുമാനിക്കേണ്ട ഉത്തരവാദിത്വം മാനേജ്‌മെന്റിനുണ്ട്,” ചെന്നൈ സിഇഒ കാശി വിശ്വനാഥൻ നേരത്തെ പറഞ്ഞിരുന്നു.

ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി യുഎഇയിലെത്തിയ റെയ്‌ന കുടുംബാംഗങ്ങൾക്ക് അപകടം പറ്റിയതിനെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ മാസം പത്താൻ‌കോട്ടെ വീട്ടിൽ വച്ചായിരുന്നു റെയ്നയുടെ ബന്ധുക്കൾക്ക് നേർക്ക് ആക്രമണമുണ്ടായത്. റെയ്‌നയുടെ അമ്മാവൻ അശോക് കുമാർ ആക്രമണത്തിൽ പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകൻ കൗശൽ കുമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. കുമാറിന്റെ ഭാര്യ ആശാ റാണി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ഡിസ്ചാർജ് ചെയ്തിരുന്നു. ഈ കാര്യം അറിഞ്ഞ ശേഷമാണ് റെയ്‌ന ചെന്നൈ ക്യാംപിൽനിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook