ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ടൂർണമെന്റിന് തന്നെ തലവേദനയായി ചെന്നൈ ക്യാമ്പിലെ കോവിഡ് റിപ്പോർട്ട്. ഇന്ത്യൻ താരം ദീപക് ചാഹർ ഉൾപ്പടെ രണ്ട് താരങ്ങൾക്കും പത്തിലധികം സപ്പോർട്ടിങ് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായാണ് ഇത്രയധികം പോർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വലിയ ആശങ്കയാണ് സംഘാടകരിലും മറ്റ് ഫ്രാഞ്ചൈസികളിലും സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ചെന്നൈയ്ക്കെതിരെ പല ഫ്രാഞ്ചൈസികളും ബിസിസിഐയെ സമീപിച്ചതായി റിപ്പോർട്ട്.

യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി വിവിധ ടീമുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് എത്തിയത്. പലരും നേരിട്ട് ദുബായിയിലേക്ക് എത്തിയപ്പോൾ ചെന്നൈ മാത്രം ഇന്ത്യയിൽ പരിശീലന ക്യാമ്പ് നടത്തിയിട്ടാണ് യുഎഇയിലേക്ക് തിരിച്ചത്. എംഎ ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചു ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചത്.

Also Read: IPL 2020: സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി; ടൂര്‍ണമെന്റ് നഷ്ടമാകും

എംഎസ് ധോണി, സുരേഷ് റെയ്ന എന്നീ മുതിർന്ന താരങ്ങളുൾപ്പടെ കോവിഡ് സ്ഥിരീകരിച്ച ദീപക് ചാഹറും റുതുരാജും ഈ ക്യാമ്പിൽ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. അവിടെ തന്നെ ഹോട്ട്സ്‌പോട്ട് പരിധിയിൽ വരുന്ന ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് പരിശീലന ക്യാമ്പ് നടത്തിയെന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

Also Read: IPL 2020: ചെന്നൈയ്ക്ക് തിരിച്ചടി; ഇന്ത്യൻ താരമുൾപ്പടെ ഒന്നിലധികം ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

മാനദണ്ഡങ്ങൾ പാലിക്കാതെ ക്യാമ്പ് സംഘടിപ്പിച്ചതിനും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാതിരുന്നതിനും സൂപ്പർ കിങ്സിന് താക്കീത് നൽകണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ചൈസികൾ ബിസിസിഐയെ സമീപിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ക്യാമ്പിലടക്കം സാമൂഹിക അകലം പാലിക്കാൻ ചെന്നൈ താരങ്ങൾ സാധിച്ചില്ലെന്നാണ് വിമർശനം.

Also Read: IPL 2020: നിയന്ത്രണങ്ങൾ കർശനമാക്കി ബിസിസിഐ; സാമൂഹിക അകലം ഉറപ്പാക്കാൻ താരങ്ങൾക്ക് ബ്ലൂടൂത്ത് ബാൻഡ്

അതേസമയം ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരക്രമം വീണ്ടും അനിശ്ചിതത്വത്തിലായി. സെപ്റ്റംബർ 19നാണ് ടൂർണമെന്റ് തുടങ്ങേണ്ടത്. എന്നാൽ ഇതുവരെ മത്സരക്രമം ബിസിസിഐ പ്രസിദ്ധീകരിച്ചിരുന്നില്ല. യുഎഇയിലും കോവിഡ് നിരക്ക് ഉയരുന്നതും കാലാവസ്ഥയുമായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചെന്നൈ താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മത്സരക്രമം ഇനിയും വൈകിയേക്കുമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook