ചെന്നൈ: രണ്ട് വർഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുളള കരുത്തുറ്റ ടീമിനെയാണ് ഇത്തവണ ടീം ഉടമകൾ കളത്തിൽ ഇറക്കിയത്. പക്ഷെ കാവേരി പ്രക്ഷോഭത്തെത്തുടർന്ന് ടീമിന്റെ ഹോം മൽസരങ്ങൾ പുണെയിലേക്ക് മാറ്റിയതിൽ കടുത്ത നിരാശയിലായിരുന്നു ആരാധകർ. എന്നാൽ ആരാധകരുടെ ഈ സങ്കടത്തിന് പരിഹാര മാർഗം ഒരുക്കിയിരിക്കുകയാണ് ടീം ഉടമകൾ.

പുണെയിൽ നടക്കുന്ന സൂപ്പർ കിങ്സിന്റെ ഹോം മൽസരങ്ങൾ കാണാൻ ചെന്നൈയിൽ നിന്നുളള​ ആരാധകർക്ക് യാത്രാ സൗകര്യം ഒരുക്കിയിരിക്കുകയാണ് ടീം. ആരാധകർക്ക് സഞ്ചരിക്കാനായി ഒരു പ്രത്യേക ട്രെയിൻ തന്നെയാണ് ടീം ഉടമകൾ തയ്യാറാക്കിയിരിക്കുന്നത്. നാളെ നടക്കുന്ന ചെന്നൈയുടെ മൽസരം കാണുന്നതിനായി ആരാധകർ ഇതിനകം തന്നെ പുറപ്പെട്ടു കഴിഞ്ഞു.

വിസിൽ പോടു എക്സ്പ്രസ് എന്നാണ് ട്രെയിനിന് ആരാധകർ നൽകിയിരിക്കുന്ന പേര്. ആയിരത്തോളം ആരാധകരാണ് നാളത്തെ മൽസരം കാണാൻ പുണെയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ചെന്നൈയിൽ നിന്ന് എത്തുന്ന ആരാധകർക്ക് മൽസരത്തിന്റെ ടിക്കറ്റ് സൗജന്യമായാണ് നൽകുന്നത്. ആരാധകർക്കുളള താമസവും ഭക്ഷണവും ടീം തയ്യാറാക്കിയിട്ടുണ്ട്.

ടീമിന്റെ ഹോം ചെന്നെയിൽ നിന്ന് മൽസരങ്ങൾ മാറ്റിയതിൽ കടുത്ത പ്രതിഷേധമാണ് ആരാധകർക്കും താരങ്ങൾക്കും ഇടയിൽ ഉളളത്. എന്നാൽ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ചെന്നൈയുടെ ഹോംഗ്രൗണ്ട് പുണെയിലേക്ക് മാറ്റിയത്. ചെന്നൈയിൽ നടന്ന ആദ്യ ഹോം മൽസരത്തിനിടെ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം നടന്നിരുന്നു. മൈതാനത്തേക്ക് ചെരുപ്പേറ് വരെ നടന്നിരുന്നു.

പുണെയിൽ ആറ് മൽസരങ്ങളാണ് ചെന്നൈ കളിക്കുക. നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നിർദേശ പ്രകാരമാണ് ഹോംഗ്രൗണ്ടായി പുണെയെ തിരഞ്ഞെടുത്തത്. നാളെ വൈകിട്ട് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ മൽസരം. നാല് മൽസരങ്ങൾ പിന്നിടുമ്പോൾ 3 ജയവും ഒരു തോൽവിയുമാണ് ചെന്നൈയുടെ സമ്പാദ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ