ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ പുതിയ ഹോംഗ്രൗണ്ടിനായി 4 പുതിയ നഗരങ്ങളെ പരിഗണിക്കുന്നു. വിശാഖപട്ടണം, തിരുവനന്തപുരം ,പുണെ, രാജ്ഘട്ട് എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. വിശാഖപട്ടണത്തിനായിരിക്കും പ്രഥമ പരിഗണന എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. കാവേരി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ചെന്നൈയിൽ നിന്ന് ഐപിഎൽ മൽസരങ്ങൾ മാറ്റാൻ തീരുമാനിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ആറ് മൽസരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടത്. ഇവയാണ് മറ്റു വേദിയില്‍ സംഘടിപ്പിക്കുക. അതേസമയം ചെന്നൈയുടെ മൽസരങ്ങൾ നടത്താൻ സൗരാഷ്ട ക്രിക്കറ്റ് അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഐപിഎല്‍ മൽസരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് മൽസരങ്ങൾ സംഘടിപ്പിക്കാനുളള സാധ്യത എത്രത്തോളമാണെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. മൽസരങ്ങൾ നടത്താൻ സജ്ജരാണെന്ന് കെസിഎ അറിയിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഏറെ ആരാധകരുളള തമിഴ്‌നാട്ടിൽ ക്രിക്കറ്റ് ആരാധകർക്ക് എളുപ്പത്തിൽ തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനാകുമെന്നതും കേരളത്തെ പരിഗണിക്കാനുളള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. മുൻപ് കൊച്ചി ടസ്കേഴ്‌സ് ഐപിഎല്ലിൽ കളിച്ചിരുന്നപ്പോൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ഐപിഎൽ മൽസരങ്ങൾ നടന്നിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ