മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ട് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമായി നിശ്ചയിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഐപിഎൽ ചെയർമാൻ. ചെന്നൈയുടെ ഹോംഗ്രൗണ്ടായി ചെപ്പോക്ക് സ്റ്റേഡിയത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മൽസരങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ള പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ശുക്ല നിലപാട് വ്യക്തമാക്കിയത്.

ചെന്നൈയിൽ നടക്കുന്ന മൽസരങ്ങൾക്ക് കനത്ത സുരക്ഷയൊരുക്കുമെന്നും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു. കാവേരി ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം മൽസരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയെക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്.

മൽസരങ്ങൾ കേരളത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ചുളള പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് മൽസരങ്ങൾ സംഘടിപ്പിക്കാനുളള സാധ്യത എത്രത്തോളമാണെന്ന് ആരാഞ്ഞിരുന്നു. കെസിഎ പച്ചക്കൊടി കാണിച്ചെങ്കിലും ഐപിഎൽ അധികൃതർ മൽസരങ്ങൾ ചെന്നൈയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ