സ്വപ്‌നതുല്യമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്ലിലേക്കുള്ള തിരിച്ചു വരവ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ചെന്നൈ പരാജയപ്പെടുത്തിയത്. എന്നാല്‍ കാവേരി പ്രക്ഷോഭങ്ങള്‍ ടീമിന് തിരിച്ചടിയായി. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ചെന്നൈയില്‍ നിന്നും ഹോം ഗ്രൗണ്ട് മാറ്റേണ്ടി വരികയായിരുന്നു.

ചെന്നൈയില്‍ നിന്നും പുണെയിലേക്കാണ് സൂപ്പര്‍ കിങ്സിന്റെ മൽസരങ്ങള്‍ മാറ്റിയത്. എന്നാല്‍ പുണെയെ ഹോമായി തിരഞ്ഞെടുക്കും മുമ്പ് ചെന്നൈ ടീം അധികൃതരുടെ മനസിലുണ്ടായിരുന്നത് മറ്റൊരു ഗ്രൗണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയമായിരുന്നു ചെന്നൈയുടെ മനസിലുണ്ടായിരുന്നത്.

എന്നാല്‍ ഒരേ വേദിയില്‍ പതിനഞ്ചോളം മൽസരങ്ങള്‍ നടത്തുവാന്‍ ബിസിസിഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. മുംബൈയുടെ ഹോം മൽസരങ്ങള്‍ക്ക് പുറമെ രണ്ട് നോക്കൗട്ട് മൽസരങ്ങളും നടക്കുന്നത് വാങ്കഡെയിലാണ്. അതുകൊണ്ട് ബിസിസിഐ ചെന്നൈയുടെ താല്‍പര്യത്തെ എതിര്‍ക്കുകയായിരുന്നു.

പിന്നാലെ ചെന്നൈയ്ക്ക് മുന്നില്‍ ബിസിസിഐ നാല് ഓപ്ഷനുകള്‍ വച്ചു. വിശാഖപട്ടണം, തിരുവന്തപുരം, പുണെ, രാജ്‌കോട്ട്. ഇതില്‍ നിന്നും നായകന്‍ ധോണിയുടെ കൂടെ താല്‍പര്യം മാനിച്ച് പുണെയെ തങ്ങളുടെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനായി പുണെയില്‍ കളിച്ചതാണ് പുണെ ഹോമായി തിരഞ്ഞെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ