ചെന്നൈ: വീറും വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയത്. പിന്നില്‍ നിന്നും പൊരുതിക്കയറിയായിരുന്നു ചെന്നൈയുടെ ജയം. വിന്‍ഡീസ് താരം ബ്രാവോയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ഒരു വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റ ഓള് റൗണ്ടര്‍ കേദാര്‍ ജാദവ് ഐപിഎല്ലില്‍ നിന്നും പിന്മാറിയത് ടീമിന് കനത്ത തിരിച്ചടിയായിരുന്നു.
പിന്മാറിയ കേദാറിന് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ചെന്നൈ ടീം. ഇംഗ്ലീഷ് ഓള് റൗണ്ടറായ ഡേവിഡ് വില്ലിയാണ് കേദാറിന്റെ പകരക്കാരനായി ചെന്നൈയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്താംപ്ടണ്‍ സ്വദേശിയായ വില്ലി ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിന് വേണ്ടി കളിക്കാനിരിക്കെയാണ് ചെന്നൈ ടീമിലേക്ക് എത്തുന്നത്.
അതേസമയം, മറ്റൊരു ഇംഗ്ലീഷ് താരമായ ലിയാം പ്ലങ്കറ്റും ഐപിഎല്ലില്‍ കൡക്കാന്‍ തയ്യാറെടുക്കുകയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് പ്ലങ്കറ്റിനെ ഐപിഎല്ലിലേക്ക് എത്തിക്കുന്നത്. പരിക്കേറ്റ കഗിസോ റബാഡയ്ക്ക് പകരമാണ് താരം എത്തുന്നത്.

മുംബൈയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു കേദാറിന് പരുക്കേറ്റത്. ടീം പരാജയം മണത്തിരുന്ന ഘട്ടത്തില്‍ പരുക്കേറ്റ കേദാര്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ചെന്നൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു താരത്തിന് പരുക്കേറ്റത്. പിന്നാലെ വന്ന ബ്രാവോയുടെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചത്.
കളിയവസാനിക്കാന്‍ പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രാവോ പുറത്തായതോടെ കേദാര്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. അവസാന ഓവറില്‍ ഒരു ഫോറും ഒരു സിക്സുമടിച്ച് കേദാറാണ് ചെന്നൈയെ വിജയതീരത്ത് എത്തിച്ചത്. ഒരു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. മധ്യനിരയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ജാദവ് പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാകുമായിരുന്ന താരമാണ്. കേദാറിന്റെ പിന്മാറ്റം ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാകും.