ഐപിഎല്ലിൽ ആരാധകരുടെ പ്രിയപ്പെട്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. രണ്ടു വർഷത്തെ വിലക്കിനുശേഷം കഴിഞ്ഞ സീസണിലൂടെയാണ് സിഎസ്കെ ടീം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. ടീമിന്റെ മടങ്ങി വരവ് വൻ ആഘോഷമാക്കി ആരാധകർ മാറ്റുകയും ചെയ്തു. കാവേരി പ്രശ്നത്തെത്തുടർന്ന് ടീമിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയിൽ മൽസരങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. പുണെയിലാണ് സിഎസ്കെ മൽസരങ്ങൾ നടന്നത്. ചെന്നൈയിൽനിന്നും പുണെയിലേക്ക് ഹോം ഗ്രൗണ്ട് മാറിയത് ആരാധകരെ ഏറെ സങ്കടപ്പെടുത്തി. ഒടുവിൽ ഇതിന് സിഎസ്കെ ടീം തന്നെ പരിഹാരമൊരുക്കി.

സിഎസ്കെയോടുളള ആരാധക സ്നേഹം മനസ്സിലാക്കിയ ടീം പുണെയിൽ നടന്ന സൂപ്പർ കിങ്സിന്റെ ഹോം മൽസരങ്ങൾ കാണാൻ ചെന്നൈയിൽ നിന്നുളള​ ആരാധകർക്ക് യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു. ആരാധകർക്ക് സഞ്ചരിക്കാനായി ഒരു പ്രത്യേക ട്രെയിൻ തന്നെയാണ് ടീം ഉടമകൾ തയ്യാറാക്കിയത്.

വിസിൽ പോടു എക്സ്പ്രസ് എന്നാണ് ട്രെയിനിന് ആരാധകർ നൽകിയ പേര്. ആയിരത്തോളം ആരാധകരാണ് മൽസരം കാണാൻ പുണെയിലേക്ക് പോയത്. ചെന്നൈയിൽ നിന്ന് എത്തുന്ന ആരാധകർക്ക് മൽസരത്തിന്റെ ടിക്കറ്റ് സൗജന്യമായാണ് നൽകിയത്. ആരാധകർക്കുളള താമസവും ഭക്ഷണവും ടീം ഒരുക്കി കൊടുത്തിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനോടുളള ആരാധകരുടെ അകമഴിഞ്ഞ സ്നേഹത്തിന്റെ നേർസാക്ഷ്യം കൂടിയായി മാറി കഴിഞ്ഞ ഐപിഎൽ സീസണിൽ ഗ്യാലറിയിലെ നിറഞ്ഞ സാന്നിധ്യം. സിഎസ്കെയോടുളള സ്നേഹം തന്റെ വിവാഹ ക്ഷണക്കത്തിലും കാണിച്ചിരിക്കുകയാണ് ആരാധകൻ കെ.വിനോദ്. സിഎസ്കെ മാച്ച് ടിക്കറ്റിന്റെ മാതൃകയിലാണ് വിനോദ് തന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത്.

സിഎസ്കെയും എം.എസ്.ധോണിയുടെയും കടുത്ത ആരാധകനായ താൻ വിവാഹ ക്ഷണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിലാണ് ഇങ്ങനെ ചെയ്തതെന്ന് വിനോദ് പറഞ്ഞതായി സിഎസ്കെ ഔദ്യോഗിക വെബ്സൈറ്റിലെ റിപ്പോർട്ടിൽ പറയുന്നു. വിനോദിന്റെ വിവാഹ ക്ഷണക്കത്ത് സിഎസ്കെ അവരുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

2015 ൽ മഹേന്ദ്ര സിങ് ധോണി ഒപ്പിട്ട ബാറ്റ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും വിനോദ് വെളിപ്പെടുത്തി. ”2015 ലാണ് സിഎസ്കെ എനിക്കൊരു സർപ്രൈസ് നൽകിയത്. ചെന്നൈയുടെ അവസാന ഹോം ഗ്രൗണ്ട് മൽസരത്തിനുശേഷം എന്റെ പേര് അനൗൺസ് ചെയ്യുകയും ധോണിയുടെ കൈയ്യൊപ്പുളള ബാറ്റ് സമ്മാനമായി നൽകുകയുമായിരുന്നു”.

2018 ൽ ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്സ് ആണ് നേടിയത്. ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് ചെന്നൈ അവരുടെ മൂന്നാമത് ഐപിഎൽ കിരീടം സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook