ഐപിഎല്ലിലെ നോ ബോൾ വിവാദത്തിന്റെ പേരിൽ എം.എസ്.ധോണി മുൻ ക്രിക്കറ്റ് താരങ്ങളിൽനിന്നടക്കം വിമർശനം നേരിടുകയാണ്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ഇടയില്‍ ധോണി മൈതാനത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ച് അംപയർമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് വിവാദമായത്. മത്സരത്തിന്റെ അവസാന ഓവറില്‍ അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് ധോണിയെ ചൊടിപ്പിച്ചത്.

ബെന്‍ സ്റ്റോക്സാണ് പന്തെറിഞ്ഞത്. രണ്ട് അംപയര്‍മാരും രണ്ട് വിധത്തിലാണ് പന്ത് ഡെലിവറി വിധിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്ത്നറും അംപയര്‍മാരുമായി സംസാരിച്ചു. ഇതിനിടയിലാണ് ധോണി മൈതാനത്തേക്ക് ഇറങ്ങി വന്നത്. ധോണി അംപയറുമായി തര്‍ക്കിച്ചതോടെ മത്സരം അല്‍പസമയം തടസപ്പെട്ടു. സംഭവത്തില്‍ ധോണിക്കെതിരെ നടപടിയെടുത്തു. മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴ വിധിച്ചു.

Read: നാടകീയം ചെന്നെെ, അവസാന പന്തില്‍ ജയിച്ച് കയറി ധോണിപ്പട

ധോണി മൈതാനത്തേക്ക് ഇറങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ”ബോളിങ് എൻഡിലുണ്ടായിരുന്ന അംപയർ നോ ബോൾ വിളിച്ചു, പിന്നീട് നോ ബോൾ ആണോ അല്ലയോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായി. ഇതിൽ വ്യക്തത വരുത്താനാണ് ധോണി മൈതാനത്തേക്ക് പോയി അംപയർമാരുമായി സംസാരിച്ചത്,” ഫെമിങ് പറഞ്ഞു.

നോ ബോൾ ആണോ അല്ലയോ എന്നതിൽ വ്യക്തത വരുത്തണമെന്നു മാത്രമേ ധോണിക്കുണ്ടായിരുന്നുളളൂ. കളിയുടെ നിർണായക നിമിഷത്തിൽ ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തത വേണമെന്നേ ധോണി കരുതിയുളളൂവെന്നും ഫ്ലെമിങ് പറഞ്ഞു. ധോണി മൈതാനത്തേക്ക് ഇറങ്ങിയ നടപടി ശരിയായില്ലെന്ന് ഫ്ലെമിങ് സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ പേരിൽ ധോണി ഏറെക്കാലം ചോദ്യം ചെയ്യപ്പെടുമെന്നും ഫ്ലെമിങ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook