scorecardresearch
Latest News

തൂണിലും തുരുമ്പിലും ചെസ്; ഒളിംപ്യാഡിന് ചെന്നൈയുടെ വണക്കം

ചെന്നൈയുടെ ചെസ് പ്രണയം കണ്ട് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ വരെ അമ്പരുന്നു

Chess Olympiad, Chennai

ചെസ് ഒളിംപ്യാഡിനെ വരവേല്‍ക്കാന്‍ അടിമുടി ചെസ് ബോര്‍ഡായിരിക്കുകയാണ് ചെന്നൈ. ചെസ് ബോര്‍ഡിന് സമാനമായി പെയന്റ് ചെയ്ത നേപ്പിയര്‍ പാലത്തിലൂടെ ഓസ്കാര്‍ ജേതാവ് എ ആര്‍ റഹ്മാനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കൈകോര്‍ത്ത് നടന്നത്തുന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇരുവരും വെളുത്ത വസ്ത്രം ധരിച്ചാണ് വീഡിയോയിലെത്തിയത്. ഇരുവര്‍ക്കുമൊപ്പം ഗാനത്തിന് ചുവട് വയ്ക്കുന്നവര്‍ ചെസിലെ കരുക്കള്‍ക്ക് സമാനമായി വെള്ളയും കറുപ്പും വസ്ത്രവുമായിരുന്നു ധരിച്ചിരുന്നത്.

സ്വന്തം നാട്ടില്‍ ചെസ് ഒളിംപ്യഡ് നടക്കുന്നതിന്റെ ആവേശത്തിലാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ വിശ്വാനാഥന്‍ ആനന്ദ്. “ചെസിനായി ഒരു നഗരം ഇത്രയും ആവേശത്തോടെ ഒരുങ്ങുന്നത് ഞാന്‍ എവിടെയും കണ്ടിട്ടില്ല. നേപ്പിയര്‍ പാലം വെളുപ്പും കറുപ്പും നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. നഗരത്തിലെ എല്ലാവരും ചെസ് ഒളിംപ്യാഡിനെക്കുറിച്ച് അറിഞ്ഞെന്ന് എനിക്ക് ഉറപ്പാണ്,” അനന്ദ് പറഞ്ഞു.

താരങ്ങളായ ആര്‍ പ്രഗ്നാനന്ദയേയും സഹോദരി ആര്‍ വൈശാലിയേയും മാതാപിതാക്കളേയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു നടന്‍ രജനികാന്ത് ചെസ് ഒളിംപ്യാഡ് ആഘോഷങ്ങള്‍ക്കൊപ്പം കൂടിയത്. കോവിഡ് മഹാമാരി മൂലമുണ്ടായ നഷ്ടങ്ങള്‍ നിലനില്‍ക്കുമ്പോഴും ചെസ് ഒളിംപ്യാഡിന് ഒരു കുറവും വരുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറായില്ല.

ചെന്നൈയുടെ ചെസ് പ്രണയം കണ്ട് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ വരെ അമ്പരുന്നു. “ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെസ് നഗരമായി ചെന്നൈ മാറിയിരിക്കുന്നു. ഇതുതന്നെ ആഘോഷങ്ങളുടെ ഭാഗമാകാനുള്ള ഒരു കാരണമാണ്,” കാള്‍സണ്‍ വ്യക്തമാക്കി.

നേപ്പിയര്‍ പാലം മുതല്‍ ഗുണ്ടി വരെ, അഡയാര്‍ മുതല്‍ താമ്പരം വരെ, ചെന്നൈ ഇതുവരെ കാണാത്ത തരത്തിലാണ് ചെസിന് നല്‍കിയിരിക്കുന്ന സ്വീകാര്യത. നഗരത്തിലെ ആദ്യത്തെ ചെസ് ക്ലബ്ബിന് സോവിയറ്റ് സെന്ററില്‍ 1972 ല്‍ രൂപം നല്‍കിയ അന്താരാഷ്ട്ര ചെസ് മാസ്റ്റര്‍ മാനുവല്‍ ആരോണും ആവേശത്തിലാണ്.

“ഇത്രയും ആവേശത്തോടെ ഒരു നഗരം ചെസിനെ വരവേല്‍ക്കുന്നത് എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ചെറിയ രീതിയിലെങ്കിലും ചെസിന്റ സ്വീകാര്യത ഇവിടെ വര്‍ധിക്കാന്‍ കാരണമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,” ആരോണ്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ചെസ് ചരിത്രത്തിലേക്ക് ഏറ്റവുമധികം താരങ്ങളെ സംഭാവന ചെയ്ത നഗരമാണ് ചെന്നൈ. 31 ഗ്രാന്‍ഡ്മാസ്റ്റേഴ്സ്, 34 അന്താരാഷ്ട്ര മാസ്റ്റേഴ്സ്, 10,000 കളിക്കാര്‍ എന്നിങ്ങനെ നീളുന്നു പട്ടിക. ചെസ് ഒളിംപ്യാഡിലൂടെ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് ചെന്നൈ.

നഗരത്തിലെ ഓരോ തൂണും ഏതൊരാളെയും ഒളിംപ്യാഡിനെ ഓര്‍മ്മിപ്പിക്കും. ഭരണകക്ഷി നേതാക്കളായ സി എന്‍ അണ്ണാദുരൈ, മുന്‍ മുഖ്യമന്ത്രി കരുണാനിധ, സ്റ്റാലിന്‍, ഉദനിധി സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖരെല്ലാം ചെസ് ബോര്‍ഡില്‍ ഇടം പിടിച്ചു.

കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രത്യേക ബസുകള്‍, മുണ്ടുടുത്ത് നില്‍ക്കുന്ന കുതിര (തമ്പി) തുടങ്ങി ചെന്നൈയെ ആകെമൊത്തം കളര്‍ഫുള്ളാക്കിയിരിക്കുകയാണ് സംഘാടകര്‍. ചെസ് ഒളിംപ്യാഡ് നടക്കുന്ന മഹാബലിപുരം ചെന്നൈയില്‍ നിന്ന് ഏകദേശം 60 കിലോ മീറ്റര്‍ അകലെയാണ്.

ആദ്യമായിട്ട് രാജ്യം ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡ് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ്. ടൂര്‍ണമെന്റില്‍ രണ്ടാം റങ്കാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. ആറ് ടീമുകളാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. അമേരിക്കയും നോര്‍വയുമാണ് എതിരാളികള്‍. കഴിഞ്ഞ ഒളിംപ്യാഡില്‍ ഇന്ത്യ റഷ്യക്കൊപ്പം സ്വര്‍ണം പങ്കിട്ടിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Chennai is going all out for indias first chess olympiad