റയൽ മാഡ്രിഡ് താരം അൽവാരോ മൊറാറ്റ ക്ലബ് വിട്ടു. ഇംഗ്ലീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസിയാണ് അൽവാരോ മൊറാറ്റ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 80 മില്യൺ യൂറോയ്ക്കാണ് 24 വയസ്സുകാരനായ അൽവാറോ മൊറാറ്റയെ ചെൽസി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചത്. റയലിന്റെ ക്യാമ്പിലായിരുന്ന അൽവാറോ മൊറാറ്റ ടീം അംഗങ്ങളോട് യാത്ര പറഞ്ഞ് ലണ്ടനിലേക്ക് തിരിച്ചു. കൈമാറ്റവുമായി ബന്ധപ്പെട്ട ഒദ്യോഗിക നടപടികൾ പൂർത്തീകരിക്കാനാണ് മൊറാറ്റ ലണ്ടനിലേക്ക് എത്തുന്നത്.

റയൽ മാഡ്രിന്റെ കുപ്പയാത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ബെൻസമയുടേയും നിഴലിലായിരുന്നു മൊറാറ്റ. മികച്ചൊരു ഫിനിഷറായ മൊറാറ്റയ്ക്ക് ആദ്യ ഇലവനിൽ ഇടം നേടാൻ ആയിരുന്നില്ല.​ എന്നാൽ പകരക്കാരനായി ഇറങ്ങിയപ്പോഴൊക്കെ തകർപ്പൻ പ്രകടനമാണ് മൊറാറ്റ റയലിനായി കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ റയലിനായി 15 ഗോളുകളും മൊറാറ്റ നേടിയിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ അക്കാദമിയിലൂടെ വളർന്ന് വന്ന മൊറാറ്റ 18 ആം വയസ്സിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിനായും മൊറാറ്റ കളിച്ചിട്ടുണ്ട്. ഇക്കാലയളവിൽ യുവന്റസിന്റെ പരിശീലകനായിരുന്ന അന്റോണിയോ കോന്റയാണ് ഇപ്പോൾ ചെൽസിയുടെ പരിശീലകൻ. തന്നിൽ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിച്ച പരിശീലകനാണ് കോന്റയെന്നും ചെൽസിക്കായി മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്നും മൊറാറ്റ പ്രതികരിച്ചു.

ദേശീയ ടീമായ സ്‌പെയിനായി ഇതുവരെ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2014ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച മൊറാറ്റ 9 ഗോളുകളും നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook