ലണ്ടന്‍: ലീഗ് കപ്പിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ പരിശീലകന് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിട്ടും പുറത്ത് പോകാന്‍ കൂട്ടാക്കാതെയിരുന്ന ഗോള്‍ കീപ്പര്‍ കെപ അറിസബാലാഗയ്ക്ക് ഒരാഴ്ചത്തെ പ്രതിഫല തുക പിഴയിട്ട് ചെല്‍സി. രണ്ടു പേരില്‍ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്.
കളിയുടെ എക്സ്ട്രാ ടൈമിലായിരുന്നു നാടകീയമായ സംഭവങ്ങളുണ്ടായത്. സിറ്റിയുടെ അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയെ തടയാന്‍ ശ്രമിച്ച കേപ്പയ്ക്ക് പരുക്കേറ്റു. ഇതോടെ പരിശീലകന് സാറി കെപയെ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വില്ലി കാബല്ലെറോയെ പകരം ഇറക്കാനായിരുന്നു സാറിയുടെ തീരുമാനം.
എന്നാല്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാതെ മൈതാനത്ത് തന്നെ തുടരുകയായിരുന്നു. ടച്ച് ലൈനിന് പുറത്ത് നിന്ന് സാറിയും ഗോള്‍ പോസ്റ്റിന് അരികില്‍ വച്ച് കേപ്പയും തമ്മില്‍ വാഗ്വാദമുണ്ടായി. പോകില്ലെന്ന് കെപ തീര്‍ത്തു പറഞ്ഞു. പ്രതിരോധ താരം ഡേവിഡ് ലൂയിസ് അരികിലെത്തി കേപ്പയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കെപ കൂട്ടാക്കിയില്ല. സാറി പ്രകോപിതനായി ഇറങ്ങി പോയി. പിന്നീട് മടങ്ങി എത്തി.
ഗോള്‍ രഹിതമായിരുന്ന മത്സരം പെനാല്‍റ്റിയിലാണ് ചെല്‍സി കൈവിട്ടത്. 4-3 നായിരുന്നു ചെല്‍സിയുടെ പരാജയം. മത്സര ശേഷം കെപയെ സാറി കുറ്റപ്പെടുത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. തെറ്റിദ്ധാരണയെന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്.
പിന്നാലെ സാറിയോടും സഹതാരങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ച് കെപ രംഗത്തെത്തുകയായിരുന്നു. തെറ്റിദ്ധാരണയായിരുന്നുവെങ്കിലും തന്റെ പ്രതികരണം തെറ്റായിരുന്നുവെന്നും സാഹചര്യത്തെ താന്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും കെപ പറഞ്ഞു. കോച്ചിനോട് വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും വില്ലിയോടും മറ്റ് താരങ്ങളോടും മാപ്പ് ചോദിക്കുന്നതായി കെപ പറഞ്ഞു.