റോം: യുവേഫ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് സിയിൽ ഒന്നാമതായി മുന്നേറിയ ചെൽസിക്ക് നാണംകെട്ട തോൽവി. സ്വന്തം മൈതാനത്ത് റോമയാണ് ചെൽസിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. എൽശരാവിയുടെ ഇരട്ടഗോളും പറേറ്റോയുടെ ഒരു ഗോളുമാണ് റോമയ്ക്ക് വിജയവഴി ഒരുക്കിയത്. ജയത്തോടെ ഗ്രൂപ്പിൽ തന്നെ ഒന്നാം സ്ഥാനക്കാരായി റോമ മാറി.

മത്സരം തുടങ്ങി ആദ്യ മിനിറ്റിലെ 39-ാം സെക്കന്റിൽ തന്നെ ചെൽസിയുടെ വലയിലേക്ക് എൽശരാവിയുടെ ഷോട്ട് കുതിച്ചുകയറി. ആദ്യ മിനിറ്റിൽ തന്നെ പുറകിലായ ചെൽസിക്ക് അടുത്ത 90 മിനിറ്റുകളിലും ഈ നടുക്കത്തിൽ നിന്ന് പുറത്തുകടക്കാനായില്ല. 36-ാം മിനിറ്റിലായിരുന്നു എൽശരാവിയുടെ രണ്ടാം ഗോൾ.

രണ്ടാം പകുതിയിൽ 62-ാം മിനിറ്റിലാണ് പറേറ്റോ റോമയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്. മൂന്ന് വട്ടവും ചെൽസിക്ക് വിനയായത് പ്രതിരോധത്തിലെ പിഴവ് തന്നെ. ഗോൾകീപ്പർ കുർട്ടോ മികച്ച സേവുകൾ നടത്തിയതിനാൽ മാത്രമാണ് അധികം പരുക്കേൽക്കാതെ ചെൽസി രക്ഷപ്പെട്ടത്.

അതേസമയം, വൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ് ടീമുകളായ ബാഴ്സയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒളിമ്പ്യാകോസിനോടാണ് ബാഴ്സ ഗോൾ രഹിത സമനില വഴങ്ങിയത്. താരതമ്യേന ദുർബലരായ കാരബാഗാണ് 40-ാം മിനിറ്റിൽ അത്‌ലറ്റികോ മാഡ്രിഡിനെ ഞെട്ടിച്ച് ലീഡ് നേടിയത്. രണ്ടാം പകുതിയിലെ 56-ാം മിനിറ്റിൽ ഗോൾ മടക്കി സ്പാനിഷ് വമ്പന്മാർ ലീഡ് പിടിച്ചു.

ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെനിഫിക്കയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. ബെനിഫിക്ക ഗോൾ കീപ്പർ മിലെ സ്വിലർ പിഴവിലൂടെ ലഭിച്ച ഗോളും ഡിലേ ബ്ലിൻഡ് നേടിയ പെനാൽറ്റിയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം ഒരുക്കിയത്.

പ്രതിരോധനിരക്കാരൻ കർസാവ ഹാട്രിക്ക് നേടിയ മത്സരത്തിൽ ആൻഡർലചിനെ തകർത്തെറിഞ്ഞ പിഎസ്‌ജി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനം നേടി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആൻഡർചലിനെ പിഎസ്ജി പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook