ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മൽസരത്തിനിറങ്ങിയതാണ് അഫ്‌ഗാനിസ്ഥാൻ. എന്നാൽ ഇന്ത്യൻ ബാറ്റ്സ്‌മാന്മാരിൽ നിന്നും ബോളർമാരിൽ നിന്നും അത്ര സന്തോഷകരമായ പ്രതികരണമല്ല അഫ്‌ഗാനിസ്ഥാന് ലഭിച്ചത്. ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ ഓൾ ഔട്ടാക്കാൻ സാധിച്ചുവെന്നത് മാത്രമാണ് അവർക്ക് ആശ്വസിക്കാനുളളത്.

ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറാണ് ഇന്ത്യ നേടിയത്. ഒന്നര ദിവസത്തോളം ബാറ്റ് ചെയ്‌ത ഇന്ത്യ 474 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് 109 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടാനായത്. 374 റൺസ് പുറകിലായ ടീമിനെ വീണ്ടും ബാറ്റിങ്ങിനയച്ച ഇന്ത്യ ഇതിനോടകം നാല് വിക്കറ്റുകൾ പിഴുതു.

എല്ലാ മേഖലയിലും തിളക്കമാർന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്‌ചവച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച് നിന്ന ഇന്ത്യ, ഫീൽഡിങിൽ തകർപ്പൻ പ്രകടനമാണ് കാഴ്‌ചവച്ചത്. കൃത്യമായ ഫീൽഡ് പൊസിഷനുകളും കളി തന്ത്രങ്ങളും പുറത്തെടുത്ത് അജിങ്ക്യ രഹാനെ ഒരിക്കൽ കൂടി ക്യാപ്റ്റനെന്ന നിലയിൽ മികവു തെളിയിച്ചു.

അതേസമയം ഫീൽഡിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം കണ്ട് കമന്ററി ബോക്‌സിലിരുന്ന മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ പോലും അമ്പരന്നു.

ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഫീൽഡിങ് കണ്ടാണ് ഗവാസ്‌കർ കോരിത്തരിച്ചത്. അഫ്‌ഗാനിസ്ഥാന്റെ ആദ്യ ഇന്നിങ്സിലായിരുന്നു ഗവാസ്കർ അമ്പരന്ന ഫീൽഡിങ് പ്രകടനം. അഫ്ഗാൻ താരം റഹ്മത്ത് ഡീപ് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച പന്തിന് പിന്നാലെ ചീറ്റപ്പുലിയെ പോലെ പാഞ്ഞ ജഡേജ രണ്ട് റൺസാണ് തടഞ്ഞത്.

പിന്നീട് സ്റ്റാനിക്‌സായിയും ഡീപ് ‌എക്സ്ട്രാ കവറിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. പക്ഷെ എക്‌സ്ട്രാ കവറിലുണ്ടായിരുന്ന ജഡേജ വീണ്ടും പന്തിന് പുറകെ കുതിച്ചുപാഞ്ഞു. ബൗണ്ടറി ലൈനിന് തൊട്ടരികെ പന്ത് തടുത്തിട്ട ജഡേജ ഇവിടെയും രണ്ട് റൺസാണ് സേവ് ചെയ്‌തത്. “ചീറ്റപ്പുലിയാണോ ഇയാൾ?” എന്നാണ് ഗവാസ്‌കർ ഇത് കണ്ട് അതിശയത്തോടെ ചോദിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ