കൊറോണവൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടം തീവ്രബാധിത പ്രദേശങ്ങളിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ കായിക മേഖലയിലും പ്രതീക്ഷകൾ സജീവമാക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎൽ നടക്കുമോയെന്നാണ്‌ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച വിഷയം.

ലോക്ക്ഡൗൺ ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ രാജ്യാന്തര വിമാന സർവീസുകളും കായിക മത്സരങ്ങളും പുനരാരംഭിക്കുന്നത്‌ സാഹചര്യം പഠിച്ച ശേഷം പരിഗണിക്കുമെന്നാണ് കേന്ദ്രം ശനിയാഴ്ച്ച പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നത്. ഇതോടെ ഐപിഎല്‍ നടക്കാനുള്ള സാധ്യതയും വർധിച്ചു. മാർച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരുന്നു.

Also Read: സുനിൽ ഛേത്രിയുടെ സ്ഥാനത്തേക്ക് സഹലുമെത്തും; മലയാളി താരത്തെ പ്രശംസിച്ച് ബൂട്ടിയ

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഒരു നല്ല മാറ്റമായി കാണുന്നുവെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. രാജ്യാന്തര യാത്രകൾ പുനരാരംഭിക്കുകയും കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുമതി ലഭിക്കുകയും ചെയ്താൽ നമുക്ക് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എത്രയും വേഗം ദേശീയ ക്യാമ്പുകൾ ആരംഭിച്ച് താരങ്ങൾ പരിശീലനം തുടങ്ങുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. വൈകാതെ തന്നെ എല്ലാ കായിക മത്സരങ്ങളും ലോകത്ത് പുഃനരാരംഭിക്കുമെന്നാണ് കരുതുന്നത്. ബുണ്ടസ്‌ലിഗ ഉൾപ്പടെയുള്ള പ്രധാന ഫുട്ബോൾ ടൂർണമെന്റുകൾ ആരംഭിച്ച് കഴിഞ്ഞു.

Also Read: ഐപിഎല്ലിന് വേണ്ടി ടി20 ലോകകപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടില്ല: ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതിരുന്നാൽ അത് സംഘാടകര്‍ക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. “ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടക്കാതെ വന്നാൽ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്, അത് ഭീകരമാണ്,” ഗാംഗുലി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook