‘ദാദ’യെന്നാണ് സൗരവ് ഗാംഗുലിയെ സ്നേഹത്തോടെ ക്രിക്കറ്റ് ആരാധകർ വിളിക്കുന്നത്. ദാദയോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് ഒടുവിൽ മുൻ ഓസീസ് താരം ഷെയ്ൻ വോണും മനസ്സിലായി. ഗാംഗുലിയോട് പന്തയത്തിൽ തോറ്റ ഷെയ്‌ൻ വോണിന് ഇംഗ്ലണ്ടിന്റെ ജഴ്സി അണിയേണ്ടി വരും. ഒരു ദിവസത്തേക്ക് ഇംഗ്ലണ്ടിന്റെ ജഴ്സി അണിയുമെന്ന് വോൺ തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

ലണ്ടിനിലെ ഒരു പരിപാടിയിൽ വച്ചാണ് സംഭവത്തിന്റെ തുടക്കം. ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടാനാണ് സാധ്യതയെന്ന് പരിപാടിക്കിടെ മുൻ ഓസീസ് താരം മൈക്കൽ ക്ലർക്ക് പറഞ്ഞു. എന്നാൽ ഫൈനലിലെത്തുക ഇംഗ്ലണ്ടായിരിക്കുമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഈ സമയത്ത് ഇരുവർക്കുമിടയിൽ വോൺ എത്തി. ഇംഗ്ലണ്ട് ഗ്രൂപ്പ് എ മൽസരം പോലും വിജയിക്കില്ലെന്നായിരുന്നു വോണിന്റെ അവകാശവാദം. ഒടുവിൽ പന്തയം വയ്ക്കാൻ ഗാംഗുലി വോണിനെ വെല്ലുവിളിച്ചു.

ഇംഗ്ലണ്ട് ജയിച്ചാൽ തോൽക്കുന്നയാൾ ഒരു ദിവസം മുഴുവൻ ഇംഗ്ലണ്ടിന്റെ ജഴ്സി അണിയുക, ഓസ്ട്രേലിയ ജയിച്ചാൽ തോൽക്കുന്നയാൾ ഓസ്ട്രേലിയയുടെ ജഴ്സി അണിയുക കൂടാതെ ജയിക്കുന്നയാൾക്ക് തോൽക്കുന്നയാൾ ഡിന്നർ നൽകുക ഇതായിരുന്നു പന്തയം. വോൺ വെല്ലുവിളി ഏറ്റെടുത്തു. എന്നാൽ ശനിയാഴ്ച നടന്ന മൽസരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിയിൽനിന്നും പുറത്തായി. ഇതോടെ ഗാംഗുലി പന്തയത്തിൽ വിജയിക്കുകയും ചെയ്തു.

പന്തയം വച്ചപോലെ ഒരു ദിവസം മുഴുവൻ താൻ ഇംഗ്ലണ്ടിന്റെ ജഴ്സി അണിയുമെന്ന് വോൺ ട്വിറ്ററിലൂടെ അറിയിച്ചു. താൻ വാക്ക് പാലിച്ചതായി തെളിയിക്കാൻ ജഴ്സി അണിഞ്ഞുളള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുമെന്നും വോൺ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ