ബിർമിങ്ങാം: ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ബിർമിങ്ങാമിലെ എജ്ബാസ്റ്റൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ടു മൂന്നുമുതലാണ് മൽസരം. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മൽസരം തൽസമയം കാണാം. മൽസരം മഴ തടസ്സപ്പെടുത്തുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ. മഴ കളിയെ തടസ്സപ്പെടുത്തുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെ മൂന്നുതവണ പരസ്പരം ഏറ്റുമുട്ടിയതിൽ രണ്ടുവട്ടവും പാക്കിസ്ഥാനാണ് ജയിച്ചത്. പാക്കിസ്ഥാന് ഇത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യൻ ടീമും ഫോമിന്റെ കാര്യത്തിൽ പുറകിലല്ല. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും മികച്ച കൂട്ടുകെട്ടുണ്ടാക്കിയാൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനുമേൽ അനായാസം ആധിപത്യം നേടാനാവും. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ സാന്നിധ്യവും ഇന്ത്യൻ ടീമിന് കരുത്ത് പകരുന്നതാണ്.

ഇന്ത്യയുടെ ബോളിങ്നിരയും മികവുറ്റതാണ്. ഭുവനേശ്വർ, ബുമ്ര, ഷമി, ഉമേഷ് എന്നിവർ പാക്കിസ്ഥാന്റെ മുഹമ്മദ് ആമിർ, വഹാബ് റിയാസ്, ജുനൈദ് ഖാൻ എന്നിവർക്കൊപ്പം നിൽക്കുന്നവരാണ്. അശ്വിനും ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ