ബ്രെഡ (ഹോളണ്ട്): ചിരവൈരികളായ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. ഹോളണ്ടില്‍ ടൂർണമെന്റിന്റെ ഉദ്ഘാടന മൽസരത്തിലാണ് ഇന്ത്യ തിളക്കമാർന്ന വിജയം നേടിയത്.

രമന്‍ദീപ് സിങ്ങിലൂടെ 25-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍ വേട്ട തുടങ്ങിയത്.  പിന്നീട് 54-ാം മിനിറ്റില്‍ ദില്‍പ്രീത് സിങ് രണ്ടാം ഗോളിലൂടെ ലീഡുയർത്തി. അവസാന പാദത്തിലായിരുന്നു ഇന്ത്യയുടെ പിന്നീടുളള രണ്ട് ഗോളുകളും പിറന്നത്.

തിരിച്ചടിക്കാനുളള ശ്രമത്തിനായി പാക് ഗോള്‍കീപ്പറടക്കം അറ്റാക്കിങ്ങിന് ഇന്ത്യൻ പോസ്റ്റിന് മുന്നിലേക്ക് വന്നപ്പോഴാണ് ഇന്ത്യ നേട്ടം കൊയ്‌തത്. മൻദീപ് സിങ്ങിലൂടെയായിരുന്നു മൂന്നാം ഗോൾ. മൽസരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ലളിത് നാലാം ഗോളും സ്വന്തമാക്കി.  ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അടുത്ത മൽസരം ഞായറാഴ്‌ച അര്‍ജന്റീനയോടാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ