ചാംപ്യൻസ് ട്രോഫിയിൽ വിജയത്തോടെയാണ് ഇന്ത്യൻ ടീമിന്റെ യാത്രയ്ക്ക് തുടക്കമായത്. പാക്കിസ്ഥാനെതിരെ അനായാസ ജയമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ഇന്ത്യയോട് ചെറുതായൊന്നു പൊരുതാൻ പോലും പാക്ക് താരങ്ങൾക്കായില്ല. ഇതേറെ വേദനിപ്പിച്ചിരിക്കുകയാണ് മുൻ പാക്ക് താരം ഇമ്രാൻ ഖാനെ. ഇന്ത്യയോട് തന്റെ കുട്ടികൾ തോറ്റത് വേദനാജനകമെന്നാണ് ഇമ്രാൻ പറഞ്ഞിരിക്കുന്നത്.

”മൽസരത്തിൽ ജയവും പരാജയവും ഉണ്ടെന്ന് ഒരു കളിക്കാരനെന്ന നിലയിൽ എനിക്കറിയാം. എന്നാൽ ഒന്നു പോരാടാൻപോലും നിൽക്കാതെ ഇന്ത്യയോട് പാക്കിസ്ഥാൻ പരാജയപ്പെട്ടത് വേദനിപ്പിക്കുന്നതാണെന്ന്” ഇമ്രാൻ ട്വിറ്റിൽ കുറിച്ചു. ”പാക്ക് ക്രിക്കറ്റിനെ നവീകരിക്കുകയോ ഉടച്ചു വാർക്കുകയോ വേണം. അല്ലെങ്കിൽ കഴിവുറ്റ താരങ്ങളുടെ കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള അന്തരം വർധിച്ചുകൊണ്ടിരിക്കും. ഇത്തരത്തിൽ പരാജയങ്ങൾ നമ്മളെ നിരാശരാക്കിക്കൊണ്ടിരിക്കും. പ്രൊഫഷണൽ യോഗ്യതയുളള ഒരാളെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായി നിയമിച്ചില്ലെങ്കിൽ പാക്ക് ക്രിക്കറ്റ് ശരിയായ രീതിയിൽ മുന്നോട്ടു പോകില്ലെന്നും” ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഇന്നലെ നടന്ന മൽസരത്തിൽ 124 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. 48 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 319 റൺസ് നേടി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ ലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി കുറച്ചു. എന്നാൽ പാക്കിസ്ഥാൻ ബാറ്റിങ് 33.4 ഓവറിൽ 164ന് അവസാനിച്ചു. ഓപ്പണർ അസർ അലിയുടെ അർധസെഞ്ചുറി (50) അല്ലാതെ പാക്ക് മൽസരത്തിൽ കാര്യമായ ഒന്നും എടുത്തു പറയാനില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ