ലണ്ടൻ: ചാംന്പ്യൻസ് ലീഗിൽ സിദാനും കൂട്ടർക്കും ടോട്ടൻഹാം ഹോട്സ്പർസിന്റെ വക കനത്ത പ്രഹരം. വെംബ്ലിയിൽ സ്വന്തം ആരാധകരെ ആവേഷത്തിലാക്കി ടോട്ടൻഹാം റയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. നിലവിലെ ചാമ്പ്യന്മാർ ടോട്ടൻഹാമിന്റെ ആക്രമണത്തിന് മുന്നിൽ പകച്ചപ്പോൾ സ്പർസ് ആരാധകർ പോലും പ്രതീക്ഷിക്കാത്ത ജയമാണ് അവർ സ്വന്തമാകിയത്. ഒരിക്കലും ടോട്ടൻഹാമിന് വെല്ലുവിളി ഉയർത്താൻ റയലിന്റെ പേര് കേട്ട ആക്രമണ നിരക്ക് ആയില്ല.

ആദ്യ പകുതിയിൽ റയൽ പോസഷനിൽ മുന്നിട്ട് നിന്നെങ്കിലും ടോട്ടൻഹാം ആദ്യ ഗോൾ നേടി. 27-ാം മിനുട്ടിൽ ട്രിപ്പിയറിന്റെ പാസ്സിൽ ഡലെ അലിയാണ് അവരെ മുന്നിൽ എത്തിച്ചത്. തിരിച്ചു വരവ് പ്രതീക്ഷിച്ച റയൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് പിന്നീട് ടോട്ടൻഹാം നടത്തിയത്. 56-ാം മിനുട്ടിൽ അലി വീണ്ടും റയലിന്റെ വല കുലുക്കി. മികച്ച മുന്നേറ്റത്തിലൂടെ ഹാരി കെയ്ൻ നൽകിയ പാസ്സിൽ ക്രിസ്ത്യൻ എറിക്സൻ റയലിന്റെ വലയിലേക്ക് സ്പർസിന്റെ മൂന്നാം ഗോളും അടിച്ചു കയറ്റി. 80-ാം മിനുട്ടിൽ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് റയലിന്റെ മാനം കാത്ത ആശ്വാസ ഗോൾ നേടിയത്.

അതേസമയം, അർജന്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ റെക്കോർഡിട്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നാപ്പോളിയെ തകർത്തു. പൊരുതി കളിച്ചിട്ടും സിറ്റിയോട് 2-4 ന്റെ തോൽവിയാണ് നാപ്പോളി വഴങ്ങിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന സിറ്റി ഇതോടെ നോകൗട്ടിൽ ഇടം നേടി. ഗ്രൂപ്പിൽ ഇതുവരെ ഉള്ള നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ നാപോളിക്ക് ഇനി നോകൗട്ടിൽ കടക്കുക പ്രയാസകരവുമാവും.

21 ആം മിനുട്ടിൽ മെർട്ടൻസും ഇൻസിഗ്‌നേയും ചേർന്ന് നടത്തിയ മികച്ച നീക്കത്തിൽ ഇൻസിഗ്‌നേ നാപോളിയെ മുന്നിൽ എത്തിച്ചു. 34 ആം മിനുട്ടിൽ ഗുണ്ടോകൻ ബോക്സിലേക്ക് നൽകിയ പാസ്സ് ഹെഡ്ഡറിലൂടെ ഗോളാക്കി നിക്കോളാസ് ഒട്ടാമെണ്ടി സിറ്റിയുടെ സമനില ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി ലീഡ് നേടി. 62 ആം മിനുട്ടിൽ പക്ഷെ നാപോളി സമനില ഗോൾ കണ്ടെത്തി.

ലീഡ് നേടാൻ പരിശ്രമിക്കുന്നതിനിടയിൽ പ്രതിരോധം കാക്കാൻ മറന്ന നാപോളിയെ മികച്ച കൗണ്ടർ അറ്റാക്കിനോടുവിൽ സെർജിയോ അഗ്യൂറോ ശിക്ഷിച്ചു. സ്കോർ 2-3. ഈ ഗോളോടെ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡും സ്വന്തമാക്കി. കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കിയിരിക്കെ ഡുബ്രെയ്‌നയുടെ പാസ്സിൽ സ്റ്റെർലിങ് ഗോൾ നേടിയതോടെ നാപോളിയുടെ പതനം പൂർത്തിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook