പാരിസ്: ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമി പോരാട്ടത്തിൽ എ.എസ് മൊണാക്കോയ്ക്ക് എതിരെ യുവന്റസിന് തകർപ്പൻ ജയം. മൊണാക്കോയുടെ തട്ടകത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഇറ്റാലിയൻ ചാമ്പ്യൻമാർ ജയിച്ചു കയറിയത്. മുന്നേറ്റ നിരക്കാരൻ ഗോൾസാലോ ഹിഗ്വയിന്റെ ഇരട്ടഗോളുകളാണ് യുവന്റസിന് വിജയം സമ്മാനിച്ചത്.

സ്വന്തം മൈതാനത്ത് യുവന്റസിന് എതിരെ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കിമാറ്റാൻ മൊണാക്കോ താരങ്ങൾക്ക് ആയില്ല. പരിചയസമ്പന്നനായ യുവന്റസിന്റെ ഗോൾകീപ്പർ ജിയാൻ ലൂജി ബുഫണിന്റെ തകർപ്പൻ സേവുകളാണ് മൊണാക്കോയെ തടഞ്ഞത്. കളിയുടെ 29 മിനുറ്റിലാണ് യുവന്രസ് തങ്ങളുടെ ആദ്യ ഗോൾ നേടിയത്. വലത് വിങ്ങർ ഡാനി ആൽവേസിന്റെ ബാക്ക് ഫീൽ പാസിൽ നിറയൊഴിച്ച് ഗോൾസാലോ ഹിഗ്വയിനാണ് മൊണാക്കോയുടെ വലകുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരിക്കൽക്കൂടി ഹിഗ്വയിൻ ലക്ഷ്യം കണ്ടതോടെ യുവന്റസ് വിജയം ഉറപ്പിച്ചു. ഡാനി ആൽവേസ് തന്നെയാണ് ഇത്തവണയും ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പാദ സെമി പോരാട്ടം മെയ് 10ന് യുവന്റസിന്റെ മൈതാനത്ത് നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ