ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ഫ്രഞ്ച് ക്ലബ്ബ് ലിയോൺ സെമിയിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പെപ്പിന്റെ കുട്ടികളെ ലിയോൺ തറപറ്റിച്ചത്. മോസ ഡെമ്പലെയുടെ ഇരട്ട ഗോളുകളാണ് ലിയോണിന്റെ ജയം അനായാസമാക്കിയത്. ഇതോടെ അവശേഷിച്ചിരുന്ന അവസാന ഇംഗ്ലീഷ് പരീക്ഷയും മറികടന്ന് ലിയോൺ സെമി ഉറപ്പിച്ചു.

സിറ്റിക്കെതിരായ ജയത്തോടെ ലിയോൺ മറ്റൊരു ചരിത്രംകൂടിയാണ് രചിച്ചത്. 24 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് – സ്പാനിഷ് സാനിധ്യമില്ലാത്ത ഒരു സെമി. ഇത്തവണത്തെ ചാംപ്യൻസ് ലീഗ് കിരീട പോരാട്ടത്തിന്റെ അവസാന ലാപ്പിൽ ഏറ്റുമുട്ടുന്നത് ഫ്രഞ്ച് – ജർമ്മൻ ശക്തികളാണ്. രണ്ട് ലീഗുകളിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് സെമിയിൽ പ്രവേശിച്ചിരിക്കുന്നത്. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിനൊപ്പം ആർബിഎല്ലും ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമ്മനൊപ്പം ലിയോണും എത്തുന്നതോടെ പട്ടിക പൂർണമാകും.

Also Read: ചാംപ്യൻസ് ലീഗ്: തലതാഴ്ത്തി മെസി, ബാഴ്സലോണയെ തറപറ്റിച്ച് ബയേൺ സെമിയിൽ

ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ പിഎസ്ജി ആർബിഎല്ലിനെയും വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ലിയോൺ ബയേണിനെയും നേരിടും. ഓഗസ്റ്റ് 24നാണ് ഫൈനൽ പോരാട്ടം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലിസ്ബൺ തന്നെയാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

ലിയോൺ – സിറ്റി മത്സരത്തിലേക്ക് മടങ്ങി വന്നാൽ മാക്സ്‌വെൽ കോർണറ്റിന്റെ ഗോളിൽ ആദ്യം മുന്നിലെത്തിയത് ലിയോൺ തന്നെയായിരുന്നു. മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ. ആദ്യ പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സിറ്റി കെവിൻ ഡിബ്ര്യൂണിന്റെ ഗോളിൽ 69-ാം മിനിറ്റിൽ ഒപ്പമെത്തി. എന്നാൽ സിറ്റിയുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞ ഡെമ്പലെ 79, 87 മിനിറ്റുകളിൽ സിറ്റി വല ചലിപ്പിച്ച് ലിയോൺ വിജയമുറപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook