ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വർട്ടർ ആദ്യ പാദ മത്സരങ്ങളിൽ വമ്പന്മാർക്ക് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിയോടെ റയൽ മാഡ്രിഡ് അടിയറവ് പറഞ്ഞപ്പോൾ യുവന്രസിനെ അട്ടിമറിച്ച് ലിയോൺ കരുത്ത് കാട്ടി. മാഞ്ചസ്റ്റർ സിറ്റി റയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിനെതിരെ ലിയോണിന്റെ വിജയം.

ലിയോണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ പൂർണ നിയന്ത്രണം യുവന്റസിന്റെ കയ്യിൽ തന്നെയായിരുന്നു. എന്നാൽ വിജയഗോൾ പിറന്നത് ലിയോണിന്റെ ലൂക്കാസ് തുസാർട്ടിന്റെ കാലുകളിൽ നിന്നായിരുന്നു. മത്സരത്തിന്റെ 63 ശതമാനവും പന്ത് കൈവശം വയ്ക്കാൻ യുവന്രസിനായി. ആകെ തൊടുത്ത 14 ഷോട്ടുകളിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയതാണ് യുവന്റസിന് തിരിച്ചടിയായത്.

31-ാം മിനിറ്റിലായിരുന്നു ഫ്രഞ്ച് ടീമിനുവേണ്ടി ലൂക്കാസ് ഗോൾ കണ്ടെത്തിയത്. ഒപ്പമെത്താനുള്ള യുവന്റസിന്റെ ശ്രമങ്ങളൊന്നും പൂർത്തിയാക്കാൻ റൊണാൾഡോയുൾപ്പടെയുള്ള വമ്പൻ താരങ്ങൾക്കായില്ല. മികച്ച പ്രതിരോധവും മിന്നൽ പ്രത്യാക്രമണങ്ങളുമാണ് ലിയോണിന്റെ വിജയം ഉറപ്പിച്ചത്. യുവന്റസിനെതിരെ ലിയോൺ നേടുന്ന ആദ്യ ജയം കൂടിയാണ് ഇന്നലെ പാർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ കുറിച്ചത്.

അതേസമയം ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റയൽ-സിറ്റി പോരാട്ടത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ പരാജയമറിയാനായിരുന്നു റയലിന്റെ വിധി. മത്സരത്തിന്റെ 78-ാം മിനിറ്റ് വരെ ലീഡ് നിലനിർത്തിയ റയൽ അവസാന 12 മിനിറ്റിൽ മത്സരം കൈവിടുകയായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഇസ്കോയുടെ ഗോളിലാണ് റയൽ മുന്നിലെത്തിയത്. 60 മിനിറ്റിലായിരുന്നു ഇസ്കോ സിറ്റി വല ചലിപ്പിച്ചത്.

എന്നാൽ 78-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിലൂടെ സിറ്റി ഒപ്പമെത്തി. അഞ്ച് മിനിറ്റുകൾക്കപ്പുറം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച കെവിൻ ബ്രൂൺ സിറ്റിയുടെ വിജയനായകനായി. 88-ാം മിനിറ്റിൽ നായകൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് തോൽവിക്ക് ഒപ്പം റയലിന് ഇരട്ടി പ്രഹരമായി. റയൽ മാഡ്രിഡിനെതിരെ ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook