ടോട്ടനത്തിന്റെ നെഞ്ചത്ത് ബയേണിന്റെ സെവനപ്പ്; സമനിലയില്‍ രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്

തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ റയല്‍ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു

ലണ്ടന്‍: ടോട്ടനം ഹോട്ട്‌സ്പറിന്റെ നെഞ്ചത്ത് സെവന്‍ അപ്പ് പൊട്ടിച്ച് ബയേണ്‍ മ്യൂണിക്. സ്വന്തം മൈതാനത്ത് രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ഹോട്ട്‌സ്പറിന്റെ പരാജയം. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അഞ്ചും ഗോളുകളാണ് ബയേണ്‍ നേടിയത്.

ബയേണിനായി നാല് ഗോളുകള്‍ നേടിയ ഗ്നാബ്രിയാണ് കളിയിലെ ഹീറോയായി മാറിയത്. സൂപ്പര്‍താരം ലെവന്‍ഡോസ്‌കി രണ്ട് ഗോളുകളും കിമ്മിച്ച് ഒരു ഗോളും നേടിയതോടെ ബയേണിന്റെ കണക്കില്‍ ഗോളെണ്ണം ഏഴായി മാറി. ടോട്ടനത്തിനായി ഹാരി കെയ്‌നും സന്‍ ഹ്യൂങ് മിന്നുമാണ് ഗോളുകള്‍ നേടിയത്.

തുടക്കത്തില്‍ ടോട്ടനമായിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയാകെ മാറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച മാനുവല്‍ ന്യൂയറുടെ പ്രകടനവും ടോട്ടനത്തിന് വിനയായി. ഗോളെന്നുറച്ച പല ശ്രമങ്ങളും ന്യൂയറില്‍ തട്ടി നിന്നു.

അതേസമയം, മറ്റൊരു മത്സരത്തില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ ബെല്‍ജിയന്‍ ക്ലബ്ബായ ബ്രൂജ് വിറപ്പിച്ചു. തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ റയല്‍ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സ്‌കോര്‍ 2-2. ആദ്യ പകുതിയില്‍ റയല്‍ ഗോളൊന്നും നേടിയിരുന്നില്ല. ബ്രൂജ് രണ്ട് ഗോളും നേടിയത് ആദ്യ പകുതിയിലായിരുന്നു.

ഇമാനുവല്‍ ഡെന്നീസാണ് റയലിന്റെ നെഞ്ചത്ത് വെടി പൊട്ടിച്ചത്. ഒമ്പതാം മിനുറ്റിലും 39-ാം മിനുറ്റിലും ഗോളുകള്‍ നേടിയ ഡെന്നീസ് ബ്രൂജിനെ ഒന്നാം പകുതിയില്‍ തന്നെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 55-ാം മിനുറ്റില്‍ തന്നെ റയല്‍ തിരിച്ചടിച്ചു. റാമോസായിരുന്നു ഗോള്‍ നേടിയത്. കളിയുടെ അവസാനഘട്ടത്തില്‍ 85-ാം മിനുറ്റില്‍ കസ്മിറോ റയലിനായി സമനില ഗോള്‍ കണ്ടെത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Champions league real madrid bayern munich tottanham hotspur303017

The moderation of comments is automated and not cleared manually by malayalam.indianexpress.com