ലിസ്ബൺ: ഫ്രഞ്ച് വമ്പന്മാരാണെങ്കിലും അരനൂറ്റാണ്ടിന്റെ ഫുട്ബോൾ പാരമ്പര്യം അവകാശപ്പെടനാകുമെങ്കിലും ഒരിക്കൽ പോലും ചാംപ്യൻസ് ലീഗിന്റെ സെമിയിലെത്താൻ പിഎസ്ജിക്ക് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പ് ഇന്ന് നടന്ന മത്സരത്തിലും വ്യക്തമായിരുന്നു. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ നേടിയ രണ്ട് ഗോളുകളിൽ പിഎസ്ജി വിജയവും സെമിയും ഉറപ്പിച്ചത്. 90-ാം മിനിറ്റിലും 90+3-ാം മിനിറ്റിലും നേടിയ രണ്ട് ഗോളുകളാണ് ടീമിന് വിജയമൊരുക്കിയത്. രണ്ട് ഗോളുകളിലും പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മറുടെ പങ്ക് വ്യക്തമായിരുന്നു. അതിന് മത്സരത്തിലെ താരത്തിനുള്ള ഉപഹാരവും അദ്ദേഹത്തെ തേടിയെത്തി.
എന്നാൽ തനിക്ക് കിട്ടിയ പുരസ്കാരം നെയ്മർ മറ്റൊരു സഹതാരത്തിന് കൈമാറി. എറിക് മാക്സിം ചോപ്പോ മോട്ടിങ് എന്ന കമറൂൺ പ്ലെയറിനാണ് താരം തന്റെ പുരസ്കാരം നൽകിയത്. മത്സരത്തിന്റെ 79-ാം മിനിറ്റിൽ മൈതാനത്തെത്തുമ്പോൾ തന്റെ ടീം പരാജയത്തിന്റെ വക്കിലാണെന്ന് നന്നായി അറിയാമായിരുന്നു മോട്ടിങ് വിജയത്തിനായി തന്നാലാവുന്നതെല്ലാം ചെയ്തു. നെയ്മറെ പോലെ തന്നെ രണ്ട് ഗോളിലും മോട്ടിങ്ങിന്റെ പങ്കും മികവുമുണ്ടായിരുന്നു.
90-ാം മിനിറ്റിൽ മാർക്വീഞ്ഞോസ് നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ നെയ്മറിന് ബോക്സിനു പുറത്തുനിന്ന് തകർപ്പൻ ക്രോസിലൂടെ പന്തെത്തിച്ചത് മോട്ടിങ്ങായിരുന്നു. പിന്നീട് നെയ്മറിൽനിന്ന് എംബപ്പെ വഴി ലഭിച്ച പന്തിന് ഗോളിലേക്ക് വഴികാട്ടി വിജയശിൽപിയായതും മോട്ടിങ് തന്നെ.
പകരക്കാരനായി എത്തി അത്ഭുതം സൃഷ്ടിക്കുന്ന പല താരങ്ങളെയും പല മത്സരങ്ങളിലും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നിഴൽപോലെ മാത്രം നിന്ന് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി ടീമിനെ വലിയ നേട്ടത്തിൽ തന്നെ എത്തിച്ചിരിക്കുകയാണ് മോട്ടിങ്.
എന്നാൽ സൂപ്പർ താരത്തിനെ എപ്പോഴും അവസാന നിമിഷമാണ് ഭാഗ്യം തുണച്ചിട്ടുള്ളത്. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച സൂപ്പർതാരം എഡിസൻ കവാനി ചാംപ്യൻസ് ലീഗിനായി കരാർ നീട്ടാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് മോട്ടിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയതു തന്നെ. ഇക്കഴിഞ്ഞ ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച മോട്ടിങ്ങിന് സീസൺ തീരും വരെ കരാർ പുതുക്കി നൽകാൻ പിഎസ്ജി തീരുമാനിച്ചതും ആകസ്മികമായിട്ടാണ്.