പാരിസ്: ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ വിജയക്കുതിപ്പ് തുടരുന്നു. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനെ 1 എതിരെ ഏഴ് ഗോളുകൾക്കാണ് പിഎസ്ജി തകർത്തത്. പിഎസ്ജിക്കായി സൂപ്പർ താരം നെയ്മർ, എഡിസൻ കവാനി എന്നിവർ ഇരട്ട ഗോളുകൾ നേടി. 5 മത്സരങ്ങളിൽ നിന്ന് 5 വിജയം കരസ്ഥമാക്കിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ പിഎസ്ജിയെ ഞെട്ടിച്ച് സെൽറ്റിക്കാണ് ആദ്യം മുന്നിൽ എത്തിയത്. മൂസ ഡെംബേലയുടെ ഗോളിലൂടെ സെൽറ്റിക്ക് ലീഡ് നേടി. എന്നാൽ 9 മിനുറ്റിൽ നെയ്മർ പിഎസ്ജിയെ ഒപ്പമെത്തിച്ചു. 22 മിനുറ്റിൽ ഒരിക്കൽക്കൂടി നെയ്മർ സെൽറ്റിക്കിന്റെ വലയിൽ പന്തെത്തിച്ചു. പിന്നീട് പിഎസ്ജി തിരിഞ്ഞ് നോക്കിയില്ല. ആദ്യ പകുതി അവസാനിക്കും മുൻപ് എംബാപെയും കവാനിയും ലക്ഷ്യം കണ്ടതോടെ പിഎസ്ജി സ്കോർ 4-1 എന്ന നിലയിലാക്കി.

രണ്ടാംപകുതിയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. 75 മിനുറ്റിൽ മാർക്കോ വരാറ്റിയും, 79 മിനുറ്റിൽ കവാനിയും, 80 മിനുറ്റിൽ ഡാനി ആൽവെസും എതിരാളികളുടെ വലയിൽ പന്തെത്തിച്ചതോടെ പിഎസ്ജി കൂറ്റൻ വിജയം ആഘോഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ