ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലില്‍ ലിവര്‍പൂള്‍ ഇന്ന് റോമയെ നേരിടും. ചാമ്പ്യന്‍സ് ലീഗ് വിജയം എന്ന ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഭാഗ്യക്കേടിനെ മറികടക്കാനാണ് ഹ്യൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഇറങ്ങുന്നത് എങ്കില്‍ ബാഴ്‌സലോണയെ അട്ടിമറിച്ചുള്ള സെമി പ്രവേശനം ആവര്‍ത്തിക്കാനാകും ഇറ്റാലിയന്‍ ക്ലബ്ബിന്റെ ലക്ഷ്യം.

ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ സെമിയില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ റോമയെ പരാജയപ്പെടുത്തിയത്. തുടക്കം മുതല്‍ അപ്രമാദിത്വം വച്ച് പുലര്‍ത്താന്‍ സാധിച്ച ലിവര്‍പൂളിനെതിരെ വൈകി നേടിയ രണ്ട് അവേ ഗോളുകള്‍ ഇറ്റാലിയന്‍ ക്ലബ്ബിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്.

രണ്ടാംപാദം ഹോം ഗ്രൗണ്ട് ആണെന്നത് ഫൈനല്‍ പ്രവേശനം എളുപ്പമാക്കുമെന്നാണ് റോമയുടെ പ്രതീക്ഷ. ബാഴ്‌സലോണയെ കീഴ്പ്പെടുത്തിയ മൽസരത്തിന്റെ ആവര്‍ത്തനമാണ് താന്‍ ലിവര്‍പൂളിനെതിരെയും കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് റോമ പരിശീലകന്‍ ഡി ഫ്രാന്‍സിസ്കോ പ്രതികരിച്ചത്. “ലിവര്‍പൂളിനെതിരെ സാങ്കേതികമായ മികവ് ആവശ്യമാണ്‌ അതിനൊപ്പം തന്നെ ആരാധകര്‍ നല്‍കുന്ന പിന്തുണ നമുക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്” ഡി ഫ്രാന്‍സിസ്കോ പറഞ്ഞു.

പരുക്കേറ്റ മധ്യനിര താരം കെവിന്‍ സ്ട്രൂറ്റ്മാനും മുന്നേറ്റ താരങ്ങളായ ഗ്രിഗോറി ഡിഫ്രെലും ഡീഗോ പേരോറിയും ഇല്ലാതെയാണ് റോമ ഇറങ്ങുന്നത്. അലെക്സ് ചാംബെര്‍ലെയിന്‍, ജോയല്‍ മാറ്റിപ് , ജോ ഗോമസ് എന്നിവരെ പരുക്ക് കാരണം ലിവര്‍പൂളിനും നഷ്ടമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ